കോട്ടയം : കേന്ദ്ര നയങ്ങൾക്കെതിരെ കേരള എൻ.ജി.ഒ യൂണിയൻ നാളെ മേഖല മാർച്ചും ധർണയും നടത്തും. രാവിലെ 11.30ന് ജില്ലയിൽ കോട്ടയം, കടുത്തുരുത്തി, പാലാ എന്നീ മേഖലാ കേന്ദ്രങ്ങളിലാണ് പരിപാടി. ജില്ലാ ആശുപത്രി പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. പാലായിൽ പാലാ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് ളാലം പാലത്തിന് സമീപം സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ. മായ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തിയിൽ ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന മേഖലാ മാർച്ചിലും ധർണയിലും മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.ആർ അനിൽകുമാർ അഭ്യർത്ഥിച്ചു.