കോട്ടയം : വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റുട്രോഫി വള്ളംകളി ഈ മാസം 28ന് നടത്തുന്നില്ലെങ്കിൽ മത്സരം ബഹിഷ്ക്കരിക്കുമെന്ന മുന്നറിയിപ്പുമായി ബോട്ട് ക്ലബുകൾ. അസോസിയേഷൻ യോഗ തീരുമാനം ഭാരവാഹികൾ ഇന്നലെ ആലപ്പുഴ ജില്ലാ കളക്ടറെ അറിയിച്ചു. പരിശീലന തുഴച്ചിലിന് രണ്ടാഴ്ചയെങ്കിലും വേണം. 26 വരെ ഓണക്കാലത്തോടനുബന്ധിച്ച് മറ്റ് വള്ളംകളികൾ നടക്കുന്ന സാഹചര്യത്തിലാണ് 28ന് നെഹ്റുട്രോഫി നടത്തണമെന്ന പ്രഖ്യാപനം. അടുത്ത മാസമാണ് സർക്കാർ നടത്തുന്നതെങ്കിൽ ബഹിഷ്ക്കരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ബോട്ട് ക്ലബുകളുടെയും വള്ളംകളി പ്രേമികളുടെയും പ്രതിഷേധം ശക്തമായതോടെ നെഹ്റു ട്രോഫി നടത്തുമെന്ന സൂചന മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.എൻ.വാസവൻ, സജി ചെറിയാൻ എന്നിവർ നൽകിയെങ്കിലും തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ബോട്ട് ക്ലബ് ഭാരവാഹികൾ നിലപാട് കടുപ്പിച്ചത്. ജലമേള സംരക്ഷണസമിതിയും ആലപ്പുഴ കളക്ടറെ കണ്ട് തീയതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു. കളക്ടർ ചെയർമാനായ ബോട്ട് റേസ് കമ്മിറ്റി തീരുമാനം എടുക്കാത്തതിൽ ശക്തമായ പ്രതിഷേധത്തിലാണ് ബോട്ട് ക്ലബുകൾ.