police

കോട്ടയം: കേരള പൊലീസിന്റെ ചരിത്രത്തിൽ ഇതിനു മുമ്പ് ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. പൊലീസിനെ അടക്കിവാണിരുന്ന ക്രമസമാധാന ചുതലയുള്ള എ.ഡി.ജി.പി അജിത്കുമാർ മുഖ്യാതിഥിയായി പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ വേദിയിൽ ഇരിക്കുന്നു. അതും യൂണിഫാേമിൽ.മറ്റൊരു മുഖ്യാതിഥിയായി ഡി.ജി.പി ദർബേഷ് സാഹിബുമുണ്ട്.

പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പൊലീസിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞശേഷമാണ് നിങ്ങളെ ഹരംകൊള്ളിക്കുന്ന സംഭവങ്ങളാണല്ലോ എന്ന് പറഞ്ഞുകൊണ്ട് വിഷയത്തിലേക്ക് കടന്നത്.

'ഇപ്പോൾ ഉയർന്നിട്ടുള്ള കാര്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് എല്ലാവർക്കും നല്ല വ്യക്തതയുള്ളതാണ്. ഏത് കാര്യവും അതിന്റെ ശരിയായ മെരിറ്റിൽ പരിശോധിക്കുന്ന നിലയാണ്.ഒരു മുൻവിധിയുമുണ്ടാകില്ല. സേനയുടെ അച്ചടക്കം വളരെ പ്രധാനമാണ്. അതിന് നിരക്കാത്ത പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ല. ഇപ്പോൾ ഉയർന്ന സംഭവം ഏറ്റവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. അച്ചടക്ക ലംഘനം സംബന്ധിച്ച് പ്രത്യേക അന്വേഷണവുമുണ്ടാകും.

അച്ചടക്കലംഘനം കണ്ട് എനിക്കും കൂടിയാവാമെന്ന ചിന്തയിൽ ഇതിന് തുനിയുന്നവർക്ക് അതിന്റെ ഫലം തിക്തമായിരിക്കും. അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്ന് വ്യതിചലിക്കാതെ പ്രവർത്തിക്കാൻ ബാദ്ധ്യതയുള്ളവരാണ് പൊലീസ് സേനയിലുള്ളവർ.

എത്ര ഉന്നതൻ ആയാലും മുഖം നോക്കാതെ നടപടി എടുക്കുന്നുണ്ട്. ഇതിന് ആരെയും ഭയപ്പെടേണ്ടതില്ല. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 മുഖം തിരിഞ്ഞു നിൽക്കുന്നവർ സേനയ്ക്ക് നാണക്കേട്

പൊലീസ് ജനസേവകരായി മാറാൻ പുരോഗമന സർക്കാരുകൾ വഴി ഒരുക്കിയെങ്കിലും ഇത്തരം മാറ്റങ്ങൾക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന ചെറിയ വിഭാഗമാണ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നത്. ഇവരെ കുറിച്ച് സർക്കാരിന് വിവരമുണ്ട്. ഇത്തരം പുഴുക്കുത്തുകളെ സേനയിൽ നിന്ന് ഒഴിവാക്കും. 108 പേരെ കഴിഞ്ഞ കാലയളവിൽ പുറത്താക്കി.

അന്വേഷണ പ്രഖ്യാപനം കൈയടികളോടെയാണ് സമ്മേളന പ്രതിനിധികൾ സ്വാഗതം ചെയ്തത്. നാട്ടകം ഗസ്റ്റ് ഹൗസിൽ ഡി.ജി.പി, മന്ത്രിമാരായ വി.എൻ.വാസവൻ, അബ്ദുറഹ്മാൻ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി സമ്മേളനത്തിനെത്തിയത്. എ.ഡി.ജി.പിയുമായി ഗസ്റ്റ് ഹൗസിൽ ചർ‌ച്ച നടത്തിയെങ്കിലും സമ്മേളന വേദിയിൽ വച്ച് ഗൗനിച്ചില്ല.