cm

കോട്ടയം : പി.വി.അൻവർ തൊടുത്തുവിട്ട ആരോപണ ശരങ്ങളെ സംബന്ധിച്ച് ആ നിമിഷം പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഇന്നലെ പൊലീസ് അസോ. ചടങ്ങിന്റെ ഷെഡ്യൂൾ മാറ്റിയപ്പോഴേ കോട്ടയം ശ്രദ്ധാകേന്ദ്രമായി. ഞൊടിയിടയിൽ നാട്ടകം ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചകളും സമ്മേളന വേദിയിലെ മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനവും മാസങ്ങൾക്ക് ശേഷം കോട്ടയത്തെ വാർത്താതലസ്ഥാനമാക്കി. എറണാകുളത്ത് നിന്ന് തലേന്ന് രാത്രി നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയ പിണറായി വിജയൻ രാവിലെയാണ് ഡി.ജി.പി, എ.ഡി.ജി.പി, മന്ത്രിമാരായ വി.എൻ.വാസവൻ, അബ്ദുറഹ്മാൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി വരുന്നതിന് മുന്നേ സമ്മേളന ഹാളിലെത്തിയ എ.ഡി.ജി.പി അജിത് കുമാർ സദസിന് താഴെ കാത്തിരുന്നു. അജിത് കുമാറിനെ കണ്ടപ്പോൾ സാധാരണ പൊലീസുകാർ അടക്കംപറഞ്ഞു. ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പരാമർശമുണ്ടാകുമെന്ന അഭ്യൂഹം പരിസരത്ത് പരന്നു. പത്തോടെ എത്തിയ മുഖ്യമന്ത്രി പൊലീസിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. ഇതിന് ശേഷമായിരുന്നു വിമർശനം. നല്ല മാറ്റങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന ചെറിയ വിഭാഗം പുഴുക്കുത്തുകളുണ്ടെന്ന് പറഞ്ഞപ്പോഴേയ്ക്കും എല്ലാ കണ്ണുകളും അജിത് കുമാറിന്റെ മുഖത്തായിരുന്നു. എന്നാൽ അജിതാകട്ടെ പ്രസംഗം എഴുതി തയ്യാറാക്കുന്ന തിരക്കിലും. മാദ്ധ്യമങ്ങൾ കാത്തിരിക്കുന്ന വിഷയത്തിലേയ്ക്ക് വരാമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അജിത്തും ചെറുതായി ചിരിച്ചു. തുടർന്നായിരുന്നു അന്വേഷണ പ്രഖ്യാപനം. മുഖ്യമന്ത്രി വേദി വിട്ടശേഷമായിരുന്നു അജിത് കുമാറിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ പ്രസംഗം. പുറത്തിറങ്ങുമ്പോൾ പ്രതികരണമാരാഞ്ഞ മാദ്ധ്യമപ്രവർത്തകരോട് എല്ലാ ചോദ്യങ്ങളും ചോദിക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ എല്ലാത്തിനും ഒറ്റ വരിയിൽ ഉത്തരം. ആരോപണങ്ങൾ അന്വേഷിക്കാൻ കത്ത് നൽകിയിട്ടുണ്ട്.്ട്.