rice

കോട്ടയം: ഓണം പടിവാതിലിൽ എത്തി നിൽക്കുമ്പോഴും നെൽകർഷകർക്ക് പി.ആർ.എസ് ഷീറ്റും കണ്ണീരും മാത്രം. ആറു മാസം മുമ്പ് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ഇനിയും കിട്ടാനുണ്ട്. നിലം തരിശിട്ടാൽ കള പറിക്കേണ്ട ചെലവ് കൂടുമെന്നതിനാൽ കടം വാങ്ങി അടുത്ത കൃഷി ഇറക്കാൻ കർഷകർ നിർബന്ധിതരായിരിക്കുന്നു. ഇതോടെ മരുന്നടിക്കാനും വളമിടാനുമുള്ള പണത്തിനായി നെട്ടോട്ടമോടുകയാണ് അവർ. ഹേമ കമ്മിറ്റി റിപ്പോർട്ടിലും മറ്റു വിവാദങ്ങളിലും കുടുങ്ങി കിടക്കുന്ന സർക്കാരിനാകട്ടെ കർഷകരുടെ കണ്ണീര് കാണാൻ നേരവുമില്ല.

കോട്ടയം ജില്ലയിൽ കർഷകർക്ക് ഇനി ലഭിക്കാനുള്ളത് 22 കോടി മാത്രമാണെന്ന് ജില്ലാ പാഡി മാർക്കറ്റിംഗ് ഓ ഫീസർ പറയുന്നു. എന്നാൽ കർഷകർ പറയുന്ന കണക്ക് ഇതിന്റെ അഞ്ചിരട്ടിയാണ്. ജെ.എസ്.എസ് ജില്ലാ സെക്രട്ടറിയും കർഷകനുമായ മദൻ ലാലിന് ഒരു കോടി കിട്ടാനുണ്ട്. അടുത്ത കൃഷിക്ക് എങ്ങനെ വളവും മരുന്നും മേടിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. പി.ആർ.എസുമായി (പാഡി റസീറ്റ് ഷീറ്റ്) ബാങ്ക് കയറിയിറങ്ങി മടുത്തു. സർക്കാർ ഫണ്ട് കിട്ടാത്തതിനാൽ കൈ മലർത്തുകയാണ് ബാങ്ക് അധികൃതർ.

എസ്.ബി.ഐ, കേനറാ ബാങ്ക് കൺസോർഷ്യമാണ് സർക്കാർ ഗ്യാരന്റിയിൽ സംഭരിച്ച നെല്ലിനുള്ള പണം നൽകുന്നത്. ഏപ്രിൽ 28 വരെ എസ്.ബി.ഐയും മേയ് 5 വരെ കേനറാബാങ്കും പണം വിതരണം ചെയ്തെന്നു പാഡി ഓഫീസർ പറയുമ്പോഴും അതിന് മുമ്പ് സംഭരിച്ച നെല്ലിന്റെ കാശ് കിട്ടാനുണ്ടെന്നാണ് കർഷകർ വിശദീകരിക്കുന്നത്.

1512.9 കോടി രൂപയുടെ നെല്ലാണ് കർഷകരിൽ നിന്നു സംഭരിച്ചത്. 879.95 കോടി രൂപ വിതരണം ചെയ്തു. ബാക്കി തുക ഉടനെന്ന് മന്ത്രി ജി.ആർ.അനിൽ ആവർത്തിക്കുമ്പോഴും പണം ബാങ്കിലെത്തിയിട്ടില്ല. ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ 203.9 കോടി രൂപ സപ്ലൈകോയ്ക്ക് നൽകിയിരുന്നു. കേരളത്തിന് ലഭിക്കേണ്ട താങ്ങുവിലയിൽ അഞ്ചുവർഷത്തെ കുടിശികയായ 852.29 കോടി രൂപ മാർച്ചിൽ കേന്ദ്രസർക്കാരും അനുവദിച്ചു. കേന്ദ്രത്തിൽ നിന്ന് ഇനി 1079 കോടി ലഭിക്കാനുമുണ്ട്. പിന്നെങ്ങനെ പണം ബാങ്കിൽ എത്തും?

മാർച്ചിൽ നെല്ല് സംഭരിച്ചതാണ് മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടിയിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിനോടുള്ള താത്പര്യം പോലും സർക്കാരിന് കർഷകരുടെ കാര്യത്തിലില്ല ഓണത്തിനു മുമ്പ് പണം കിട്ടുന്നില്ലെങ്കിൽ മരണം വരെ നിരാഹാരസമരം നടത്താൻ നെൽ കർഷകർ നിർബന്ധിതരാവും

(മദൻ ലാൽ, നെൽകർഷകൻ )