
കോട്ടയം: ഓണം വൈകിയെങ്കിലും നാടെങ്ങും ഒരുക്കങ്ങൾ നേരത്തേ തുടങ്ങി. രണ്ടാഴ്ച ശേഷിക്കെ വമ്പൻ ഓഫറുകളും ആകർഷകമായ സമ്മാനങ്ങളുമായി വിപണി ഉണർന്നു. വസ്ത്ര-ഗൃഹോപകരണ വില്പനയാണ് പ്രധാനം.
ഓണമടുക്കുമ്പോഴുള്ള തിരക്ക് മുന്നിൽക്കണ്ട് ഇപ്പോഴേ ഓണക്കോടിയെടുക്കാമെന്നു കരുതി കുടുംബസമേതം വസ്ത്രശാലകളിലേക്ക് എത്തുന്നവർ ഏറെയുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ വ്യാപാരശാലകളിൽ തിരക്കാണ്. പുത്തൻ ട്രെൻഡുകളുടെ ശേഖരവുമായാണ് തുണിക്കടകൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങിയത്. കൂടുതൽ സ്റ്റോക്കുകൾ മിക്ക കടകളിലും എത്തി. ട്രെൻഡിംഗ് വസ്ത്രങ്ങളാണ് പ്രത്യേകത. ഷർട്ടും അതിന്റ ഒരു ഭാഗം ചേർത്ത് തുന്നിയ കരയോടു കൂടിയ മുണ്ടുമാണ് ഇപ്പോഴത്തെ ട്രെൻഡ്. സാരികളും ദാവണികളുമൊക്കെയായി മലയാളത്തനിമയാണ് തുണിക്കടകൾക്കിപ്പോൾ.
ഓഫറുകളുടെ പൂക്കാലം
സ്വർണ, വാഹന വിപണികളിലും ഉണർവ് പ്രകടമാണ്. ഓഫറുകളാണ് പ്രധാനം. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തിലുള്ള ഓണം ഖാദി മേളകളും സജീവമായി. ഓണാഘോഷത്തിന് രുചി പകരാൻ ഉപ്പേരി വിപണിയും ഒരുങ്ങി. ഓണാഘോഷം കളറാക്കാനുള്ള തയാറെടുപ്പിലാണ് പൂ വിപണി. പലചരക്ക് പച്ചക്കറി വ്യാപാരികളും ഏറെ പ്രതീക്ഷയിലാണ്. കൃഷിവകുപ്പിന്റെ ഉൾപ്പെടെ ഓണച്ചന്തകൾ, സപ്ലൈകോ ഓണം മേളകൾ, പായസം മേളകൾ, വഴിയോരക്കച്ചവടം എന്നിവയൊക്കെയായി അത്തം കഴിയുന്നതോടെ ഓണവിപണി കൂടുതൽ ഉഷാറാകും.
അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പല ക്ലബ്ബുകളും സംഘടനകളും ആഘോഷപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും വിവിധയിടങ്ങളിൽ പതിവുപോലെ മത്സരങ്ങളും കലാപരിപാടികളുമൊക്കെയായി ഓണാഘോഷങ്ങളുണ്ടാകും. ഓണക്കാലമായതോടെ ടൂറിസം മേഖലയും പ്രതീക്ഷയിലാണ്. ഓണ അവധി എത്തുന്നതോടെ ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടുമെന്നാണ് പ്രതീക്ഷ.