cloth-bag

കോട്ടയം: നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടാനുള്ള പരിശോധന കുറഞ്ഞതോടെ തുണി സഞ്ചികൾക്ക് വിപണിയിൽ ഇടം കിട്ടാതായി. പ്ലാസ്റ്റിക് നിരോധനം മുൻനിറുത്തി തുണി സഞ്ചി നിർമ്മാണ തൊഴിലിലേക്ക് കടന്ന കുടുംബശ്രീ യൂണിറ്റുകൾ ഉൾപ്പെടെ പ്രതിസന്ധിയിലായി. ഇതോടെ പലരും മേഖല ഉപേക്ഷിച്ചു.

തുന്നിവച്ച തുണി സഞ്ചികൾ പോലും വാങ്ങാൻ ആളില്ലെന്നാണ് സ്വയം തൊഴിൽ സംരംഭകരായ വനിതകളുടെ പരാതി. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചതോടെയാണ് ഒട്ടേറെ പേർ തുണി സഞ്ചി നിർമ്മാണത്തിലേയ്ക്ക് കടന്നത്. ആദ്യ നാളുകളിൽ വൻ ലാഭത്തിലായിരുന്നു തുണി സഞ്ചി യൂണിറ്റുകൾ. കടകളിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിക്കാനാകില്ലെന്നു വന്നതോടെയാണ് തുണി സഞ്ചി നിർമ്മാണ യൂണിറ്റുകൾ പച്ച പിടിച്ചത്. കാലക്രമേണ പ്ലാസ്റ്റിക് ബാഗുകൾ പിടികൂടാനുള്ള പരിശോധന കുറയുകയും വിപണിയിലേക്ക് മടങ്ങിവരികയും ചെയ്തു. ഇതോടെ കുടുംബശ്രീയുടെ സഹായത്തോടെയും സ്വന്തം നിലയിലും തുടങ്ങിയ തുണി സഞ്ചി യൂണിറ്റുകളുടെ തകർച്ചയും തുടങ്ങി.

 മുതൽ മുടക്കിയവർ പ്രതിസന്ധിയിൽ

ആദ്യകാലത്ത് വിപണിയിൽ ഡിമാൻഡ് വന്നതോടെ പല യൂണിറ്റുകളും കൂടുതൽ തയ്യൽ മെഷ്യനുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ ബാങ്ക് വായ്പയെടുത്ത് സംഘടിപ്പിച്ചിരുന്നു. ആവശ്യക്കാർ കുറഞ്ഞതോടെ തുണി സഞ്ചി യൂണിറ്റുകൾ കടത്തിലായി. വായ്പ തിരിച്ചടയ്ക്കാനാകാതെ നട്ടം തിരിയുന്ന ഒട്ടേറെ തുണി സഞ്ചി നിർമ്മാതാക്കളുണ്ട്. പലരും മേഖല ഉപേക്ഷിച്ചു. ഇപ്പോഴുള്ളതാവട്ടെ പകുതിയോളം യൂണിറ്റുകൾ മാത്രം. ഇവർ തന്നെ നിലനിൽപ്പിനായി പൊരുതുകയാണ്.

പ്രതിസന്ധിയിങ്ങനെ

 പരിശോധന കുറഞ്ഞതോടെ തുണിസഞ്ചിക്ക് ഡിമാൻഡ് കുറഞ്ഞു

 വൻകിട വ്യാപാര സ്ഥാപനങ്ങൾക്ക് സ്വന്തം നിലയിലുള്ള തുണിസഞ്ചികൾ

 തയ്യൽ മിഷ്യൻ ഉൾപ്പെടെ വാങ്ങി മുതൽ മുടക്കിയവർക്ക് നഷ്ടം

 തുന്നിയ തുണി സഞ്ചികൾ പോലും വിൽക്കാതെ കെട്ടിക്കിടക്കുന്നു