ajith-kumar

കോട്ടയം: പൊലീസുകാരുടെ ശമ്പള പരിഷ്‌കരണം, ഗ്രേഡ് റാങ്ക് പരിഷ്‌കാരം, സിവിൽ പൊലീസ് ഓഫീസർ പേരുമാറ്റം തുടങ്ങിയവയുടെ ആശയവും എഴുത്തും തന്റേതാണെന്ന് ആത്മാഭിമാനത്തോടെ പറയാനാകുമെന്ന് എ.ഡി.ജി.പി എം.ആർ.അജിത് കുമാർ. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കഴിഞ്ഞ ദിവസം മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇനി അവസരത്തിനായി കാത്തിരിക്കാൻ കഴിയാത്തത് കൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നും വ്യക്തമാക്കി.

ഒരു പൊലീസുകാരന്റെ എല്ലാ ജോലികളും ചെയ്തിട്ടുണ്ട്. 50 പേരെങ്കിലുമില്ലാതെ പുതിയ പൊലീസ് സ്‌റ്റേഷൻ ആരംഭിക്കരുതെന്ന് പറയാനുള്ള ആർജ്ജവം ഉന്നത ഉദ്യോഗസ്ഥർ കാട്ടണം. അങ്ങനെ ആരംഭിച്ച ആദ്യ പൊലീസ് സ്റ്റേഷനാണ് എറണാകുളം ഇൻഫോപാർക്കിലേത്. നാലുപേരെങ്കിലുമില്ലാതെ പട്രോളിംഗ് ഡ്യൂട്ടിക്ക് പോകുന്നത് പൊലീസുകാരുടെ ജീവന് ഭീഷണിയാണ്. സുരക്ഷയെ കരുതിയാണ് ഇത് പറഞ്ഞതെങ്കിലും പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു.

ജനങ്ങൾ പൊലീസിൽ നിന്ന് പലതും പ്രതീക്ഷിക്കുന്നുണ്ട്. ആ വിശ്വാസം ഉയർത്തിപ്പിടിക്കാൻ കഴിയണം. ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസുകാർക്കും കുത്തുകിട്ടി. അന്ന് വന്ദന രക്ഷപ്പെടുകയും പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തിരുന്നെങ്കിൽ എന്നാണ് ജനസേവകൻ എന്ന നിലയിൽ താൻ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം വൈകാരികമായി പറഞ്ഞു.