
കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കുറുനരി ശല്യം കൂടി. കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി എന്നിവയ്ക്ക് പുറമേയാണ് കുറുനരികളും കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത്. ഇതോടെ ജനം ആശങ്കയിലാണ്. കഴിഞ്ഞ ദിവസം കറുകച്ചാൽ ചമ്പക്കര ഭാഗത്ത് നാല് ആടുകൾക്കും ഒരു വളർത്തുനായയ്ക്കും കടിയേറ്റു. ഒരാൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. രണ്ടാഴ്ച മുൻപ് കങ്ങഴ കാരമല ഭാഗത്ത് മൂന്നുപേർക്കാണ് കുറുനരിയുടെ കടിയേറ്റത്. രണ്ട് പശുകിടാങ്ങൾക്കും വളർത്തു നായയ്ക്കും പരിക്കേറ്റു. മൂന്നുമാസം മുൻപ് പത്തനാട് നാല് ആട്ടിൻകുട്ടികളാണ് കുറുനരിയുടെ കടിയേറ്റ് ചത്തത്. നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെയും ആളുകളെയും ആക്രമിക്കാൻ തുടങ്ങിയിട്ട് നാളുകളായിട്ടും അതാത് പഞ്ചായത്തുകളോ വനംവകുപ്പോ വിഷയത്തിൽ നടപടിയെടുക്കുന്നില്ല. കുറുനരികളുടെ ശല്യം വർദ്ധിച്ചതോടെ പശു, ആട്, കോഴി, പോത്ത് തുടങ്ങിയ മൃഗങ്ങളെ വളർത്താൻ കഴിയാത്ത സാഹചര്യമുണ്ട്.
കാട്ടുപന്നി ശല്യത്തിനും കുറവില്ല
കുറുനരിയ്ക്ക് പുറമേ കാട്ടുപന്നിയുടെ ശല്യവും വ്യാപകമാണ് വിവിധയിടങ്ങളിൽ. കൃഷിനാശം മൂലം മിക്കവരും കൃഷിയിറക്കാൻ മടിക്കുന്ന സ്ഥിതിയാണ്. കപ്പ, ഏത്തവാഴ, റബർതൈകൾ തുടങ്ങിയവ കൃഷിചെയ്യാൻ പലർക്കും ഭയമാണ്. കങ്ങഴ, നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലാണ് ശല്യം രൂക്ഷമായത്. പനയമ്പാല, ശാന്തിപുരം, കൊച്ചുപറമ്പ്, ഉമ്പിടി ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം പതിവാണ്. കങ്ങഴ, മുണ്ടത്താനം, കാരമല ഭാഗങ്ങളിലും കാട്ടുപന്നി ശല്യമുണ്ട്.
റബർ തോട്ടങ്ങൾ പലതും ടാപ്പ് ചെയ്യാതെ കാടുകയറിയതും റബർ ആവർത്തനക്കൃഷി നിന്നതുമാണ് കാട്ടുപന്നിശല്യത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.