
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുടങ്ങിയിട്ട് ഒന്നരമാസം. ഇതോടെ നടപടികൾക്കായി പൊലീസ് മെഡിക്കൽ കോളേജിലേക്കാണ് മൃതദേഹങ്ങൾ അയക്കുന്നത്.
ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഒരേസമയം ആറു മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാനാവും. എന്നാൽ, മോർച്ചറി പ്രവർത്തനരഹിതമായതോടെ അവശ്യഘട്ടങ്ങളിൽ പോലും മൃതദേഹം സൂക്ഷിക്കാനാകുന്നില്ല. ജില്ലാ ആശുപത്രിയിൽനിന്നും മൃതദേഹങ്ങൾ അയയ്ക്കുന്നതോടെ മെഡിക്കൽ കോളേജ് മോർച്ചറിയിലും നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് തിരക്കേറി.
മരം വീണ് കെട്ടിടം തകർന്നു
ജൂലൈ 16നുണ്ടായ ശക്തമായ കാറ്റിലും പേമാരിയിലുമാണ് മോർച്ചറി കെട്ടിടത്തിന് സമീപത്തെ വാകമരം വീണ് മോർച്ചറി കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചത്. ഇതേതുടർന്നാണ് പോസ്റ്റ്മോർട്ടം നടപടികൾ താത്കാലികമായി നിർത്തിവച്ചത്. മരം കടപുഴകി വീണതോടെ കെട്ടിടത്തിലെ ഓടുകളും പട്ടികകളും തകർന്നു. മോർച്ചറി ജീവനക്കാരുടെ മുറിയുടെയും പോസ്റ്റ്മോർട്ടം ടേബിളിന്റെയും മുകൾ ഭാഗമാണ് മരംവീണ് തകർന്നത്. മഴ പെയ്യുമ്പോൾ ഭിത്തിയിലെ വിള്ളലിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന സ്ഥിതിയാണ് നിലവിൽ. മേൽക്കൂരയിലെ ഓടുകൾ തകർന്ന് ഫ്രീസറിന്റെ മുകളിലേക്ക് വെള്ളം വീഴുന്നത് ഒഴിവാക്കുന്നതിനായി താത്ക്കാലികമായി പടുത കെട്ടി. മോർച്ചറിയുടെ കെട്ടിടത്തിനും ബലക്ഷയമുണ്ട്. കോട്ടയം ജില്ലയ്ക്ക് അകത്തുനിന്നും ജില്ലയുടെ പുറത്തുനിന്നുമായി മൃതദേഹങ്ങൾ ഇവിടെ കൊണ്ടുവരാറുണ്ടായിരുന്നു.
സാങ്കേതിക തടസം
ജില്ലാ പഞ്ചായത്തിൽ നിന്നും തുക അനുവദിക്കുന്നതിനനുസരിച്ചാണ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ജില്ലാ പഞ്ചായത്തിൽ നിന്ന് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി എസ്റ്റിമേറ്റ് എടുത്തിരുന്നു. മോർച്ചറിയുടെ ചുറ്റുമുള്ള മറ്റ് മരങ്ങൾ വെട്ടിമാറ്റിയിരുന്നു. ഓട് മാറ്റി പകരം ഷീറ്റ് സ്ഥാപിക്കൽ, പൊട്ടിയ ഭിത്തിയ്ക്ക് പകരം ഭിത്തി നിർമ്മിക്കൽ തുടങ്ങിയ നടപടികൾ സാങ്കേതിക കാരണങ്ങളാൽ നീളുകയാണ്.
ആശുപത്രി വികസന സമിതി യോഗത്തിൽ വിഷയം ഉന്നയിച്ചിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിക്കും. -പി.കെ ആനന്ദക്കുട്ടൻ വികസന സമിതി അംഗം