മാർക്കറ്റ് റോഡ് തകർന്നു, യാത്രാദുരിതം
കോട്ടയം: എന്നും ഇവിടെ ഇങ്ങനെയാണ്... കുഴി തന്നെ കുഴി. മഴ കൂടി പെയ്താൽ പിന്നെ പറയുകയും വേണ്ട. മാർക്കറ്റ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ ദാരുണമെന്ന് ആരും പറഞ്ഞുപോകും. ഒപ്പം യാത്രക്കാർക്ക് ദുരിതവും. റോഡിലെ കുഴികൾ താത്ക്കാലികമായി മണ്ണിട്ടു മൂടിയിരുന്നു. എന്നാൽ കനത്തമഴയിൽ റോഡ് പഴയപടിയായി. കുഴികളിലെ മണ്ണ് പൂർണമായും ഒലിച്ചുമാറിയതോടെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട നിലയിലാണ്. മാർക്കറ്റ് റോഡിൽ തിയേറ്റർ റോഡിന്റെ ഭാഗം, മാർക്കറ്റ് റോഡ് ഈരയിൽ കടവ് റോഡ് ഭാഗം, കേരളകൗമുദി റോഡ് ഭാഗം എന്നിവിടങ്ങളിലാണ് കുഴികൾ രൂപപ്പെട്ടത്. ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ദിനംപ്രതി റോഡിലൂടെ കടന്നുപോകുന്നത്. കൂടാതെ, അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ചരക്ക് ലോറികൾ വിവിധ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങൾ ഇറക്കാനെത്തുന്നതും ഈ റോഡിലാണ്. പ്രധാന റോഡിലെ തിരക്ക് ഒഴിവാക്കി കളക്ട്രേറ്റ്, കോടിമത, കഞ്ഞിക്കുഴി, ഈരയിൽകടവ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി നിരവധി പേരാണ് ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.
വാരിക്കുഴി , ഒപ്പം വെളിച്ചവുമില്ല
ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇറക്കവും വളവും നിറഞ്ഞ റോഡിലൂടെ രാത്രികാലങ്ങളിൽ എത്തുന്നവർ കുഴികളിൽ വീണ് അപകടത്തിൽപ്പെടാറുണ്ട്. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിലുള്ളവർ ഇടക്കാലത്ത് അപായമുന്നറിയിപ്പായി ചുവപ്പ് ചാക്ക് കെട്ടി കമ്പുകൾ നാട്ടിയിരുന്നു.
അവർ കണ്ണടയ്ക്കുന്നു
റോഡിലെ തകർച്ച പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ശാശ്വതമായ പരിഹാരം കണ്ടെത്തുന്നില്ല. ഇടക്കാലത്ത് റോഡിലെ കുഴികൾ മണ്ണിട്ട് മൂടിയും ചിലയിടങ്ങളിലെ കുഴികൾ മാത്രം അടച്ച് അധികൃതർ തടിതപ്പുകയായിരുന്നു.
കുഴികൾ രൂപപ്പെട്ട ഭാഗത്ത് അടിയന്തിരമായി ടാറിംഗ് നടത്തണം. ഇവിടെ വലിയ അപകടസാധ്യതയുണ്ട്.
(നാട്ടുകാർ)