കോട്ടയം: പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമന്റെ കരവിരുതിൽ കോട്ടയം പബ്ലിക് ലൈബ്രറി വളപ്പിൽ ഓപ്പൺ എയർ തിയേറ്റർ നിർമാണം അവസാന ഘട്ടത്തിൽ. ലൈബ്രറി വളപ്പിൽ 36 അടി ഉയരത്തിൽ കാനായി നിർമിച്ച അമ്മയും കുട്ടികളും ചേർന്നുള്ള അക്ഷര ശിൽപ്പത്തെ നോക്കി നിൽക്കുന്നതു പോലാണ് എതിർ വശത്ത് ഓപ്പൺ എയർ തിയേറ്റർ. 45 അടി നീളവും 40 അടി വീതിയും നാലടിയോളം ഉയരവുമുള്ള സ്റ്റേജ് രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കാനായി കുഞ്ഞിരാമൻ അറിയിച്ചു. ഭാര്യ നളിനിക്കൊപ്പം പബ്ലിക് ലൈബ്രറി ഗസ്റ്റ് ഹൗസിൽ താമസിച്ചാണ് നിർമാണ ജോലിക്ക് നേതൃത്വം നൽകുന്നത്. ആയിരത്തോളം പേർക്ക് കലാപരിപാടികൾ ഇരുന്ന് ആ സ്വദിക്കാൻ കഴിയും വിധമാണ് തുറന്ന സ്റ്റേജ്. മലമ്പുഴയിലെ യക്ഷി, ശംഖുമുഖത്തെ മത്സ്യ കന്യക , വേളി കായലോരത്തെ ശംഖ്, കോട്ടയത്തെ അക്ഷര ശിൽപ്പം തുടങ്ങിയ പ്രശസ്ത ശിൽപ്പങ്ങൾ ചെയ്ത കാനായി ആദ്യമായാണ് ഓപ്പൺ എയർ തിയേറ്റർ ഒരുക്കുന്നത്.
'മേലേ ആകാശം, താഴെ ഭൂമി, സ്റ്റേജിനു പിന്നിൽ പുല്ലും ചെടികളുമായി പച്ചപ്പ്, കാണികൾക്കു മുന്നിൽ തുറന്ന പ്രപഞ്ചമെന്ന് വിശേഷിപ്പിക്കാവുന്ന ഓപ്പൺ എയർ തിയേറ്റർ സ്റ്റേജ് കേരളത്തിലെ ഏറ്റവും വലിയ സ്റ്റേജായിരിക്കുമെന്ന് കാനായി പറഞ്ഞു. പണ്ട് കൊയ്തു കഴിഞ്ഞ പാടങ്ങളിൽ തുറന്ന വേദിയിൽ ആയിരുന്നു കാക്കിരിശി നാടകവും നാടകങ്ങളും അരങ്ങേറിയിരുന്നുത്. നിലത്ത് കുത്തി ഇരുന്നും കിടന്നുമായിരുന്നു സാധാരണക്കാർ ഇത് ആസ്വദിച്ചിരുന്നത്.
സായിപ്പിൽ നിന്നു കടമെടുത്തതാണ് ഇപ്പോഴത്തെ ഹാളുകളും അടഞ്ഞ തിയേറ്ററും. അതിനൊരു മാറ്റമാണ് ഓപ്പൺ എയർ തിയേറ്ററിലൂടെ ലക്ഷ്യമിടുന്നത്. ഇത് കലാ സാംസ്കാരിക പരിപാടികൾക്ക് മാത്രമേ കൊടുക്കാവൂ എന്നാണ് അഭ്യർത്ഥന .
നല്ലാരു കലാസ്വാദകൻ കൂടിയായ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയയുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് ലൈബ്രറി വളപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ശിൽപ്പമായ അക്ഷര ശിൽപ്പം മാസങ്ങളോളം താമസിച്ചു പൂർത്തിയാക്കിയത്. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് അക്ഷര ശിൽപ്പത്തിന് മുഖം നോക്കി നിൽക്കുന്ന ഓപ്പൺ എയർതിയേറ്റർ.
ശാസ്ത്രി റോഡിൽ പബ്ലിക് ലൈബ്രറിക്കുമുന്നിൽ കേരളീയ വാസ്തു ശിൽപ്പമാതൃകയിലുള്ള മനോഹരമായ പ്ര വേശന കവാടവും കാനായി ഇനി പൂർത്തിയാക്കും.