ചിറക്കടവ്: ചിറക്കടവ് ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ മണ്ണംപ്ലാവ് കവലയിൽ ഉടമസ്ഥത സംബന്ധിച്ച് തർക്കമുള്ള രണ്ട് മഹാഗണി മരങ്ങൾ മുറിച്ചുകടത്തി. പഞ്ചായത്തിന്റെ പുറമ്പോക്കെന്നും സമീപത്തെ വ്യക്തിയുടെ പറമ്പെന്നും തർക്കമുള്ള ഭൂമിയിലെ മരങ്ങളാണ് കടത്തിയത്. ഉടമസ്ഥതയെപ്പറ്റി തർക്കമുള്ള പഞ്ചായത്തോ, വ്യക്തിയോ അറിയാതെയാണ് മരം മുറിച്ചുനീക്കിയത്.
തന്റെ ഭൂമിയിലെ മരങ്ങൾ മോഷണം പോയത് സംബന്ധിച്ച് സ്ഥലമുടമയായ വ്യക്തി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തടി വെട്ടികടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഭവം സംബന്ധിച്ച് നോട്ടീസ് നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ വിശദീകരിച്ചു.