boatjetty

ചങ്ങനാശേരി: ഏത് നിമിഷവും ഒരപകടം സംഭവിക്കാം. ഒരുപക്ഷേ അതൊരു വലിയ അപകടവുമാകം. അപകടമുനമ്പായി ചങ്ങനാശേരി ബോട്ട്‌ജെട്ടി മാറുമ്പോൾ പ്രദേശവാസികളിൽ ആശങ്കയുമേറി. അപകടമുണ്ടായാൽ എല്ലാം കണേണ്ടിവരിക ഇവരല്ലേ.... ബോട്ട്‌ജെട്ടിയുടെ സംരക്ഷണഭിത്തി തകർന്നതാണ് ഭീഷണിയുയർത്തുന്നത്. മാർക്കറ്റ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്കാണ് ഇത് കെണിയാകുന്നത്. ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞദിവസം പുലർച്ചയാണ് മീൻ ലോഡുമായി എത്തിയ ഇതരസംസ്ഥാന ലോറി ഓട്ടോ സ്റ്റാൻഡ് ഭാഗത്തെ സംരക്ഷണഭിത്തിയും വിളക്ക് തൂണും ഇടിച്ചുതകർത്തത്. മാസങ്ങൾക്ക് മുൻപ് മാർക്കറ്റ് റോഡിലൂടെ എത്തിയ കാർ സംരക്ഷണഭിത്തി ഇടിച്ചുതകർത്ത് തോട്ടിലേക്ക് വീണിരുന്നു. യാത്രക്കാർ അന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മാപ്പ് നോക്കുന്നവർ പെടും...

ഗൂഗിൾ മാപ്പ് നോക്കി വരുന്ന വാഹനയാത്രക്കാരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. റോഡിന്റെ താഴെയുള്ള തോട് വഴി പരിചയമില്ലാത്തവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. പെരുന്ന ജംഗ്ഷൻ ഒഴിവാക്കി എ.സി റോഡിലേക്ക് പോകാനും മാർക്കറ്റ് കാണാനുമായി ഒട്ടേറെ പേരാണ് ഇതുവഴി എത്തുന്നത്. അടിയന്തരമായി മതിൽ പുനർനിർമ്മിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി.