
ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് പുതിയ രൂപരേഖ പൊതുമരാമത്ത് കെട്ടിടം വിഭാഗം തയാറാക്കി. ആദ്യം പുറത്തിറക്കിയ രൂപരേഖയിൽ പുതിയ സ്‌റ്റാൻഡിനുള്ളിൽ അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാദ്ധ്യതയും കുട്ടനാടൻ പ്രദേശമായതിനാൽ മണ്ണെടുത്താൽ ഭൂനിരപ്പിൽ വെള്ളമെത്താനുള്ള സാദ്ധ്യതയും വിദഗ്‌ധസമിതി ചൂണ്ടിക്കാട്ടിയതോടെയാണ് പഴയ രൂപരേഖ പിൻവലിച്ചത്.
പുതിയ രീതി ഇങ്ങനെ
തിരുവല്ല ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ ടെർമിനലിനുള്ളിലേക്ക് കയറില്ല. പകരം ടെർമിനലിനോടു ചേർന്ന് എം.സി റോഡിന് അഭിമുഖമായി നിർമിക്കുന്ന ബസ്ബേയിൽ ആളുകളെ കയറ്റി ഇറക്കി കടന്നു പോകും. ഒരേ സമയം 5 ഓളം ബസുകൾക്ക് ഇവിടെ ആളുകളെ കയറ്റിയിറക്കാം.
കോട്ടയം ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് പോകുന്ന ബസുകൾ നിലവിലെ രീതിയിൽ തന്നെ ടെർമിനലിനകത്തേക്ക് കയറി ആളുകളെ കയറ്റിയിറക്കും. തുടർന്ന് പിറകിലുള്ള ടി.ബി റോഡിലേക്കിറങ്ങി എം.സി റോഡിലേക്ക് പ്രവേശിക്കും. ആലപ്പുഴ ബസുകളും ഇങ്ങനെ കടന്നു പോകും. ടെർമിനലിനകത്തേക്ക് രണ്ടു ഭാഗത്ത് നിന്നും ബസുകൾ എത്തുന്നത് കുറയ്ക്കാനും എം.സി റോഡിൽ നഗരമദ്ധ്യത്തിലേക്ക് ബസുകൾ ഇറങ്ങി വരുന്നത് കുറയ്ക്കാനുമാണിത്.
പാർക്കിംഗിന് മൾട്ടിലെയർ സംവിധാനം
വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാഹചര്യം മൂലം ഒഴിവാക്കുന്ന അണ്ടർഗ്രൗണ്ട് പാർക്കിംഗിനു പകരം മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഒരുക്കും. ടെർമിനലിനു സമീപം കാർ ഉൾപ്പെടയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള മൾട്ടിലെവൽ പാർക്കിംഗ് സംവിധാനമാണ് ഉദ്ദേശിക്കുന്നത്.
വരുമാനം ലക്ഷ്യം
ടെർമിനലിന്റെ മുകൾ നിലയിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഡോർമെറ്ററി, താമസിക്കാനുള്ള മുറികൾ, കഫ്‌റ്റീരിയ, ക്ലോക്ക് റൂം, എന്നിവ വാടകയ്ക്ക് നൽകും. താഴത്തെ നിലയിൽ പൊലീസ് എയ്‌ഡ് പോസ്‌റ്റ്, ഹെൽത്ത് സെന്റർ, കോഫി ഷോപ്പ്, കൺട്രോൾ റൂം, സ്ത്രീകളുടെ കാത്തിരിപ്പ് കേന്ദ്രം, അന്വേഷണങ്ങൾ, പൊതു കാത്തിരിപ്പ് കേന്ദ്രം, എ,ടി,എം തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.
നഗരമദ്ധ്യത്തിൽ തന്നെയുള്ള ടെർമിനലിന്റെ സ്‌ഥല സൗകര്യം പൂർണമായും പ്രയോജനപ്പെടുത്തുന്ന രീതിയിലും പൊതുഗതാഗതത്തെ ബാധിക്കാത്ത വിധത്തിലുമാണ് പുതിയ ബസ് ടെർമിനൽ നിർമിക്കുക. 7 കോടി 5 ലക്ഷത്തിന്റെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്.
-ജോബ് മൈക്കിൾ
എം.എൽ.എ