e

കോട്ടയം: സദ്യയുണ്ണാൻ തൂശനില റെഡി... അതേസമയം ആഘോഷങ്ങൾ പരിമിതമാക്കിയത് വിപണിയ്ക്ക് തിരിച്ചടിയായി. കോട്ടയം നഗരത്തിൽ തിരുനക്കര മഹാദേവ ക്ഷേത്രത്തിന് സമീപത്താണ് വാഴയില വിപണനം സജീവമായത്. എന്നാൽ, മുൻവർഷങ്ങളിലേതിനെക്കാൾ വിപണി ഇടിഞ്ഞെന്ന് വ്യാപാരിയായ തങ്കച്ചൻ പറഞ്ഞു.


പ്രതീക്ഷ മങ്ങി വിപണി,
വയനാട് ദുരന്തത്തെ തുടർന്ന് ആഘോഷങ്ങൾ പരിമിതമാക്കിയതാണ് വിപണി ഇടിയാൻ കാരണം. സ്‌കൂൾ, കോളേജ്, അസോസിയേഷനുകൾ എന്നിവിടങ്ങളിൽ ഓണസദ്യയ്ക്കായി വാഴയില ബുക്കിംഗ് കുറഞ്ഞു. ഓണക്കാലത്താണ് ഏറ്റവും കൂടുതൽ വാഴയിലകൾ വിറ്റുപോകുന്നത്. സീസൺ എത്തിയിട്ടും വിപണനം കാര്യമായി നടക്കാത്തത് മൂലം പ്രതീക്ഷയും മങ്ങി.

വരവ് ഇല ആശ്രയം
കുമരകം, ചെങ്ങളം, അയ്‌മനം, പടിഞ്ഞാറൻ മേഖലകളിൽ നിന്നാണ് നാടൻ വാഴയിലകൾ എത്തിക്കുന്നത്. മലയോരമേഖലയിൽ നിന്നും ഇത്തവണ വാഴയില ലഭ്യമല്ല.

നാടൻ വാഴയിലകൾ കുറഞ്ഞതോടെ തമിഴ്‌നാട്ടിൽ നിന്നുമാണ് വാഴയിലകൾ എത്തിക്കുന്നത്. വാഴയിലയിൽ ഉച്ചയൂണ് കൊടുക്കുന്നത് നിന്നതും, പേപ്പർ വാഴയിലയുടെ കടന്നുവരവും മൂലം പലരും നാടൻ വാഴയില വില്പന അവസാനിപ്പിച്ചു. അടപ്രഥമൻ, പാലട എന്നിവയ്ക്ക് ആവശ്യമായ അട ഉണ്ടാക്കുന്നതിനും വാഴയിലയാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇവയും റെഡിമെയ്ഡാണ്. ഓഫ് സീസണിൽ ജില്ലയിലെ ക്ഷേത്രങ്ങളിലേക്കും മറ്റുമാണ് വാഴയില എടുക്കുന്നത്. കച്ചവടക്കാർക്ക് വലിയ ലാഭമില്ല. ഹോട്ടലുകളിൽ വാഴയിൽ ഊണ് കൊടുക്കുന്നതും പരിമിതമായി.

വില ഇങ്ങനെ
3.50 രൂപയാണ് വരവ് ഇലയുടെ വില.

5 രൂപയാണ് നാടൻ ഇലയുടെ വില


35 വർഷമായി തിരുനക്കര മഹാദേവ ക്ഷേത്രത്തിന് സമീപം വാഴയില വിപണനം നടത്തുന്നു. വിപണി കുറവായതിനാൽ നിരവധി ഇലകൾ നശിച്ചുപോകുകയാണ്. മേഖല വലിയ പ്രതിസന്ധിയിലാണ്. തങ്കച്ചൻ, വാഴയില വ്യാപാരി