മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാനദിനങ്ങളായ ആറ്, ഏഴ്, എട്ട് തീയതികൾ പള്ളിയിലും പരിസരത്തും കനത്ത സുരക്ഷയും കരുതലുമായി പൊലീസും വിവിധ സർക്കാർ വകുപ്പുകളും സജ്ജം. റവന്യു, ആരോഗ്യ വകുപ്പുകൾക്ക് പുറമേ പൊലീസും എക്‌സൈസും അഗ്‌നിരക്ഷാ സേനാ വകുപ്പും പെരുന്നാൾ ക്രമീകരണങ്ങൾക്കും ജനങ്ങളുടെ സുരക്ഷ ഒരുക്കാനുമായി പ്രവർത്തിക്കുന്നുണ്ട്. പ്രധാന പെരുന്നാൾ ദിവസങ്ങളിൽ കത്തീഡ്രലിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി. ബസുകൾ പ്രത്യേക സർവീസുകൾ നടത്തും. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മൂന്ന് ഡിവൈ.എസ്.പിമാർ, നാല് സി.ഐമാർ, 60 എസ്.ഐമാരുൾപ്പടെ 350ൽ അധികം പൊലീസുകാരെയാണ് പള്ളിയിലും പരിസരത്തും നിയോഗിച്ചിരിക്കുന്നത്. പള്ളിയും പരിസരവും സി.സി.ടി.വി നിരീക്ഷണത്തിലാണ്. ഇതിനായി 100 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പൊലീസ് എയ്ഡ് പോസ്റ്റ് നിരീക്ഷണത്തിലാണ്.