hospital

പാലാ: നാനൂറിൽപ്പരം ജീവനക്കാർ സേവനം ചെയ്യുന്ന കെ.എം.മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് വരുമെന്ന് പാലാ ജനറൽ ആശുപത്രിയിൽ ഇന്നലെ നടന്ന വികസനസമിതി യോഗത്തിൽ സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് അറിയിച്ചു. ഇഹെൽത്ത് പദ്ധതിയുടെ പ്രയോജനം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി നഗരസഭ പ്രദേശത്തെ എല്ലാ വാർഡുകളിലും ക്യാമ്പുകൾ നടത്തി എല്ലാവർക്കും യു.എച്ച്.ഐ.ഡി കാർഡും രജിസ്‌ട്രേഷനും ലഭ്യമാക്കും. ഡോക്ടറെ കാണുന്നതിനായുള്ള സമയം മുൻകൂർ നിശ്ചയിച്ച് ഒ.പി.വിഭാഗത്തിലെ തിരക്കും കാത്തിരിപ്പും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് സൂപ്രണ്ട് അറിയിച്ചു.

അടുത്ത ബുധനാഴ്ച മുതൽ നേത്രശാസ്ത്രക്രിയ തുടങ്ങും. ന്യൂറോളജി വിഭാഗത്തിൽ പുതിയ ഒ.പി ആരംഭിക്കും. വ്യാഴാഴ്ച ദിവസമായിരിക്കും ന്യൂറോളജി ഒ.പി.

മീനച്ചിൽ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള വൃക്കരോഗികൾക്ക് കൂടി കുറഞ്ഞ നിരക്കിലുള്ള ഡയാലിസിസിന് സൗകര്യം ലഭ്യമാക്കും. അതാതു പഞ്ചായത്ത് പ്രസിഡന്റുമാർ ശുപാർശ ചെയ്യുന്നവരെയാകും ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്യുക. അഞ്ച് ഡയാലിസിസ് മെഷീനുകൾ കൂടി ആശുപത്രിയിലേക്ക് ലഭ്യമാക്കും. ആശുപത്രി സേവനങ്ങൾക്കായി ഫീസുകൾ ഓൺ ലൈൻ ആയി സ്വീകരിക്കുന്നതിനും ക്രമീകരണമായി. ലാബിന്റെ പ്രവർത്തനം 12 മണിക്കൂറാക്കും. ആരോഗ്യ വകുപ്പിന്റ കായ്കല്പ അവാർഡ് ആശുപത്രിക്ക് ലഭിക്കാൻ പരിശ്രമിച്ച ജീവനക്കാരെ മനേജിംഗ് കമ്മിറ്റി അഭിനന്ദിച്ചു.

മനേരോഗികളെ കിടത്തി ചികിത്സിക്കുന്നതിനായുള്ള സംസ്ഥാന മെന്റൽ ഹെൽത്ത് എസ്റ്റാബ്ലീഷ്‌മെന്റ് രജിസ്‌ട്രേഷനും അശുപത്രിക്ക് ലഭിച്ചു.

കറങ്ങിനടന്നാൽ പിടി വീഴും

സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി കൂടുതൽ ക്യാമറകളും ഉച്ചഭാഷണി സൗകര്യവും ഏർപ്പെടുത്തി. വിശാലമായ ആശുപത്രി കോംപൗണ്ടിലും ബഹുനില മന്ദിരങ്ങളിലും അനധികൃതമായി പ്രവേശിച്ച് ചികിത്സയ്ക്ക് എന്ന പേരിൽ കറങ്ങി തിരിയുന്നവരെ നിരീക്ഷിക്കുവാനും കണ്ടെത്തുവാനും വേണ്ടി ആശുപത്രി മന്ദിരങ്ങളും ചികിത്സാ വിഭാഗങ്ങളും പൂർണമായും ക്യാമറ നിരീക്ഷണത്തിലാക്കി.
ആശുപത്രി അറിയിപ്പുകളും രോഗികൾക്കും സന്ദർശകർക്കും വാഹന ഉടമകൾക്കും ഉള്ള നിർദ്ദേശങ്ങൾക്കുമായി പബ്‌ളിക് അഡ്രസിംഗ് സിസ്റ്റവും സ്ഥാപിച്ചു. നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ നടപ്പാക്കും.

യോഗത്തിൽ ആശുപത്രി മനേജിംഗ് കമ്മിറ്റി ചെയർമാൻ ഷാജു. വി.തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു. മാണി.സി.കാപ്പൻ എം.എൽ.എ, സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ്, മനേജിംഗ് കമ്മിറ്റി അംഗങ്ങളായ ലീന സണ്ണി, പി.എ.ലിസികുട്ടി, ബിജു പാലൂപടവൻ, ജയ്‌സൺ മാന്തോട്ടം, പ്രൊഫ.സതീശ് ചൊള്ളാനി, ജോസ് കുറ്റിയാനിമറ്റം, കെ.എസ്.രമേശ് ബാബു, ബിനീഷ് ചൂണ്ടച്ചേരി, ബിബിൻ പള്ളിക്കുന്നേൽ, വി.ആർ. വേണു, ടി.കെ.വിനോദ്, ആർ.എം.ഒ ഡോ. എം.രേഷ്മ എന്നിവരും പൊതുമരാമത്ത്, നഗരസഭാ എൻജിനീയറിംഗ് വിഭാഗം, ആരോഗ്യ വകുപ്പ് അധികൃതരും പങ്കെടുത്തു.