പാലാ: ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് ഒരുക്കങ്ങളായി.
ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ വിനായക ചതുർത്ഥി നാളിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും പ്രസാദ വിതരണവും നടക്കും. രാവിലെ 6.30 ന് മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം ആരംഭിക്കും. 8 ന് പ്രസാദ വിതരണം. കറുകമാല ചാർത്തലുമുണ്ട്. വൈകിട്ട് വിശേഷാൽ ദീപാരാധനയും ദീപക്കാഴ്ചയും നടക്കും.
ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഉണ്ണിയൂട്ടും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അമ്മയുടെ മടിയിൽ ഇരിക്കുന്ന ബാലഭാവത്തിലുള്ള ഗണപതിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അതിനാൽ കുട്ടികൾക്കായി നടത്തുന്ന ഉണ്ണിയൂട്ടിന് ഇവിടെ വലിയ പ്രാധാന്യമുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ആറ് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഉണ്ണിയൂട്ട് നടത്തുന്നത്. രാവിലെ 5 മുതൽ ക്ഷേത്രത്തിൽ പതിവ് ചടങ്ങുകൾ, 6.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മേൽശാന്തി തുരുത്തിയിൽ ഇല്ലം കണ്ണൻ നമ്പൂതിരിയും മഹാഗണപതി ഹോമത്തിന് കല്ലമ്പള്ളി ഇല്ലം ദാമോദരൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും. തിരുവരങ്ങിൽ ചെമ്പൈ സംഗീതസഭയുടെ നേതൃത്വത്തിൽ പഞ്ചരത്‌ന കീർത്തനാലാപനം, 10.30ന് പ്രസാദ വിതരണം, 11 മുതൽ ഉണ്ണിയൂട്ട്, പ്രസാദമൂട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന എന്നിവയാണ് പ്രധാന പരിപാടികൾ. പത്രസമ്മേളനത്തിൽ ആഘോഷ സമിതി ഭാരവാഹികളായ രാജേഷ് ഗോപി, പി. കെ.സോമൻ, മനോജ് വേളയിൽ, പി.ബി. ഹരികൃഷ്ണൻ, മനേഷ് ചന്ദ്രൻ, ടി.എൻ. രാജൻ എന്നിവർ പങ്കെടുത്തു.
പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷം നാളെ നടക്കും. രാവിലെ 7 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ക്ഷേത്രത്തിന്റെ രണ്ടാം ഘട്ടമായ ചുറ്റമ്പല നിർമ്മാണത്തോടനുബന്ധിച്ച് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം, തുടർന്ന് അഖണ്ഡനാമജപം എന്നിവ നടക്കും. രണ്ടാം ഘട്ടത്തിന് ആരംഭം കുറിച്ച് അയ്യപ്പസ്വാമിയുടെ ശ്രീലകത്തിന് മുമ്പാകെ നിർമ്മിക്കുന്ന നമസ്‌കാര മണ്ഡപത്തിന്റെ ശിലാസ്ഥാപന കർമ്മം 8ന് തീയതി രാവിലെ 7.40 നും 8.25 നും മധ്യേ ക്ഷേത്രം മേൽശാന്തി ഉണ്ണി നമ്പൂതിരി നിർവഹിക്കും.
പാലാ ആൽത്തറ ശ്രീരാജരാജ ഗണപതിക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, അമ്പലപ്പുറത്ത് ഭഗവതിക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ഭഗവതി ക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, അന്തീനാട് മഹാദേവക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ക്ഷേത്രം, കിടങ്ങൂർ മഹാഗണപതിക്ഷേത്രം, കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, രാമപുരം നാലമ്പലങ്ങൾ, വെള്ളിലാപ്പള്ളി പിഷാരുകോവിൽ എന്നിവിടങ്ങളിലും വിനായകചതുർത്ഥി നാളിൽ വിശേഷാൽ പൂജകളുണ്ട്.