
കോട്ടയം: മുപ്പായിപാടത്ത് മാലിന്യം തള്ളിയ വാഹനത്തിന്റെ ഡ്രൈവറെ പിടികൂടി. പള്ളം സ്വദേശി കൊച്ചുപറമ്പിൽ രാജുവിനെയാണ് പിടികൂടിയത്. നഗരസഭ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം 50,000 രൂപയും പിഴയടപ്പിക്കുകയും മാലിന്യം നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. നഗരസഭ നാട്ടകം സോണിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ദീപക്, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മാലിന്യംനീക്കം ചെയ്യുന്നതിനിടെയാണ് മാലിന്യം തള്ളിയ വാഹനത്തിന്റെ ഡ്രൈവറെ സംബന്ധിച്ച് സൂചന ലഭിച്ചത്. തുടർന്ന് ചിങ്ങവനം പ്രിൻസിപ്പൽ എസ്.ഐ അജ്മൽ ഹുസൈന് പരാതി നൽകുകയുമായിരുന്നു. പൂവൻതുരുത്ത്, പനച്ചിക്കാട്, കുറിച്ചി പ്രദേശങ്ങളിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു പുറംതള്ളുന്ന ഖരമാലിന്യങ്ങൾ നീക്കം ചെയ്യാൻ കരാറെടുത്ത് ആളൊഴിഞ്ഞ പൊതുസ്ഥലങ്ങളിൽ നിക്ഷേപിച്ചിരുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്.
ലോഡ് കണക്കിന് മാലിന്യങ്ങളാണ് മുപ്പായിപാടം റോഡിന്റെ വശങ്ങളിലും റബർ ഭവൻ കൊടൂരാർ റോഡിന്റെ വശങ്ങളിലും നിക്ഷേപിക്കുകയും തീയിടുകയും ചെയ്തത്. ഇതേതുടർന്ന് പ്രദേശത്ത് വിഷവാതക പുകയും വ്യാപിച്ചിരുന്നു. ചേർത്തല ഭാഗത്ത് നിന്നും പാറേച്ചാൽ വഴി ഇവിടെ ടോയ്‌ലെറ്റ് മാലിന്യവും ഈ ഭാഗങ്ങളിൽ തള്ളുന്നത് തുടരുകയാണ്.