si-tm-abraham

ചങ്ങനാശേരി: പാമ്പുകടിയേറ്റ ഭാര്യയുമായി രാത്രിയിൽ റോഡിൽ നിസഹായനായി ആംബുലൻസ് കാത്തുനിന്ന ഭർത്താവിന് സഹായവുമായി പൊലീസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ ചങ്ങനാശേരിയിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയുമായി പൊൻകുന്നം സബ്‌ ജയിലിലേക്ക് പോകുന്ന സമയത്ത് കാനം ഭാഗത്താണ് സംഭവം. റോഡിൽ കാപ്പുകാട് സ്വദേശിയായ യുവാവ് ഇയാളുടെ ഭാര്യയുമായി നിസഹായനായി നിൽക്കുന്നത് കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ വാഹനം നിർത്തി യുവാവിനോട് വിവരം അന്വേഷിച്ചു. ഭാര്യയെ പാമ്പ് കടിച്ചെന്നും ആംബുലൻസിനായി കാത്തുനിൽക്കുകയാണെന്നും പറഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന ചങ്ങനാശേരി എസ്.ഐ ടി.എം എബ്രഹാമിന്റെ നേതൃത്വത്തിൽ ഇവരെ വാഹനത്തിൽ കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജീപ്പിലുണ്ടായിരുന്ന പ്രതിയെ കൃത്യമായി പൊൻകുന്നം സബ്‌ ജയിലിൽ എത്തിച്ചശേഷം പൊലീസ് മടങ്ങി. യുവതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. സുഖംപ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സി.പി.ഒമാരായ എം.ഷമീർ, ബി.ബൈജു എന്നിവരും വാഹനത്തിലുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അഭിനന്ദിക്കുകയും ചെയ്തു.