veg

കോട്ടയം: ഓണമാണ്... പക്ഷേ കർഷകർക്ക് ഇത് കണ്ണീരോണമാണ്. ഓണക്കാലം ലക്ഷ്യമിട്ട് നാടൻ പച്ചക്കറി കൃഷി ചെയ്ത കർഷകർക്ക് വിപണിയോ ന്യായവിലയോ ഉറപ്പാക്കാത്ത കൃഷിവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണം. മഴയിൽ പലരുടെയും കൃഷി നശിച്ചു. അവശേഷിച്ചവർക്ക് നല്ല വിളവ് ലഭിച്ചെങ്കിലും വിപണിയില്ലാതെ പച്ചക്കറി നശിക്കുന്ന സ്ഥിതിയാണ്. കർഷകരിൽ നിന്ന് നേരിട്ടു പച്ചക്കറി സംഭരിക്കാൻ മണർകാട് പച്ചക്കറി ഹബ് ഉദ്ഘാടനം ചെയ്തെങ്കിലും ഓണമടുത്തിട്ടും പ്രവർത്തനമായില്ല. വെള്ളരി, പടവലം, ഏത്തക്ക, മത്തങ്ങ,പാവക്ക ,പടവലങ്ങ തുടങ്ങിയവയാണ് കർഷകർ കൂടുതൽ ഉത്പാദിപ്പിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള വെള്ളരിക്ക കിലോയ്ക്ക് 40 രൂപക്ക് വിൽക്കുമ്പോൾ നാടൻ വെള്ളരി ക്ക് കിലോയ്ക്ക് 10 രൂപ മാത്രമേ നൽകൂ എന്ന പിടിവാശിയിലാണ് വ്യാപാരികൾ. കീടനാശിനി പുരട്ടി വരുന്ന തമിഴ്നാട് പച്ചക്കറി ദിവസങ്ങളോളം കേടുകൂടാതിരിക്കും. എന്നാൽ നാടൻ പച്ചക്കറി പെട്ടെന്ന് കേടാകുമെന്നാണ് വ്യാപാരികൾ പലരുടെയും വാദം.

കമ്മീഷൻ വാങ്ങി ജീവിതം വഴിമുട്ടിച്ചു

ഓണക്കാലത്ത് ഉയർന്ന വില ഈടാക്കി വ്യാപാരികൾ കൊള്ള ലാഭവുമുണ്ടാക്കും. ഈ ചൂക്ഷണം ഇല്ലാതാക്കാനായിരുന്നു പച്ചക്കറി ഹബ് തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ പച്ചക്കറികൾക്ക് വില നിശ്ചയിക്കാതെയും വിപണി ഇല്ലാതാക്കിയും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തമിഴ്നാട് ലോബിയുടെ കമ്മീഷൻ പറ്റി തങ്ങളെ ചതിച്ചെ ന്നാണ് കർഷകരുടെ പരാതി . ഏത്തയ്ക്കായ്ക്ക് 50 മുതൽ 70 രൂപ വരെ വിലയുള്ളപ്പോൾ കർഷകർ ഉത്പാദിപ്പിക്കുന്ന ഏത്തയ്ക്ക 30-40 രൂപക്ക് വാങ്ങി നാടനെന്ന് പറഞ്ഞ് 80 രൂപയ്ക്കാണ് കച്ചവടക്കാർ വിൽക്കുന്നത്. 90 രൂപയാണ് ചേന വില. കർഷകർക്ക് ലഭിക്കുന്നത് 50 രൂപയിൽ താഴെയും.

കർഷകർ പറയുന്നു

മുടക്കുമുതൽ പോലും ലഭിക്കാത്ത സാഹചര്യം

പ്രാദേശിക വിപണന കേന്ദ്രങ്ങളുടെ പ്രവർത്തനം തൃപ്തികരമല്ല

സർക്കാർ ഉയർന്ന വിപണി വില ഉറപ്പാക്കുമെന്ന് വിശ്വസിച്ചാണ് പലരും കൃഷി ചെയ്തത്. എന്നാൽ കർഷകരിൽ നിന്ന് ഉത്പ്പന്നങ്ങൾ

സംഭരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തയാറാകുന്നില്ല.

എബി ഐപ്പ് (കർഷകൻ )