
കോട്ടയം:ഓണമായാൽ ഉപ്പേരിയും ശർക്കരവരട്ടിയും മസ്റ്റാണ്. ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഉപ്പേരിയുടെ വിലയിലും അത് പ്രതിഫലിച്ചു തുടങ്ങി. ബ്രാൻഡഡ് ചിപ്‌സ് കമ്പനികൾ ഉൾപ്പെടെ വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഉപ്പേരി വില 400 രൂപയിലേക്കുമെത്തി. കഴിഞ്ഞവർഷം 360ൽ തുടങ്ങി ഓണമടുത്തതോടെ 400ലെത്തിയിരുന്നു. ശർക്കര വരട്ടി കിലോയ്ക്ക് 400 രൂപയാണ് വില. കഴിഞ്ഞതവണ 360ലായിരുന്നു വില്പന. വെളിച്ചെണ്ണയുടെ വിലയാണ് ഉപ്പേരിയുടെയും മറ്റും വില ഉയർത്തുന്നത്. നിലവിൽ ഏത്തക്കാ വില കുറഞ്ഞുനിൽക്കുകയാണ്. നാടൻ ഏത്തക്കായ്ക്ക് 45 മുതൽ 50 രൂപവരെ വിലയുണ്ട്. 180 മുതൽ 200 രൂപവരെയാണ് വെളിച്ചെണ്ണ വില. ഇത്തവണ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഓണഘോഷങ്ങളുടെ പകിട്ട് കുറഞ്ഞത് വിപണിയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വിപണി ഉണരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.