
പാലാ: മീനച്ചിൽ താലൂക്ക് വികസനസമിതിയോഗത്തിലേക്ക് ഇനി ആർക്കും അങ്ങനെ കയറിചെല്ലാൻ കഴിയില്ല. റവന്യു അധികൃതർ നിലപാട് കടുപ്പിച്ചതോടെ കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. ഒപ്പം ഇരിപ്പിടവും. ഇന്നത്തെ യോഗം മുതൽ നിർദേശങ്ങൾ പ്രാബല്യത്തിലാകും. തട്ടിക്കൂട്ട് സംഘടനകളുടെ ഭാരവാഹികൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കുകയും ബഹളം ഉയർത്തുകയും പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് റവന്യു അധികൃതർ നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ യോഗങ്ങളിലെല്ലാം ഒരു രാഷ്ട്രീയകക്ഷിയുടെ പ്രതിനിധിയെന്ന് സ്വയം അവകാശപ്പെട്ട് ഒരാൾ കണ്ണിൽകണ്ട വിഷയങ്ങളിലെല്ലാം പരാതി നൽകുകയും തന്റെ പരാതിയിലാണ് കാര്യങ്ങളെല്ലാം നടക്കുന്നതെന്ന് കാട്ടി മാധ്യമ ഓഫീസുകളിലേക്ക് വാട്‌സാപ്പ് സന്ദേശം അയയ്ക്കുകയും പതിവായിരുന്നു. തുടർന്ന് ഇയാളോട് അംഗീകൃത രാഷ്ട്രീയകക്ഷി പ്രതിനിധിയാണെങ്കിൽ രേഖ ഹാജരാക്കാൻ റവന്യു അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഒരു എം.എൽ.എയുടെ കത്ത് ഇയാൾ കഴിഞ്ഞദിവസം ഹാജരാക്കിയതായാണ് സൂചന. അംഗീകരിക്കപ്പെട്ട അംഗങ്ങളല്ലാത്ത പലരും ഒരു ഡപ്യൂട്ടി തഹസിൽദാരുടെ പ്രേരണയാലാണ് വികസനസമിതിയിൽ പങ്കെടുക്കുന്നതെന്ന് റവന്യു അധികാരികൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ആർക്കൊക്കെ പങ്കെടുക്കാം
സർക്കാർ ഉത്തരവ് പ്രകാരം നടക്കുന്ന താലൂക്ക് സഭയിൽ അതാത് എം.എൽ.എ മാരാണ് അധ്യക്ഷൻ. തഹസിൽദാർ കൺവീനറാണ്. എം.പി.മാരുടെ പ്രതിനിധികൾ, താലൂക്കിലെ നഗരസഭാ ചെയർമാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടിയുടെ ഒരു പ്രതിനിധി എന്നിവർക്ക് മാത്രമേ താലൂക്ക് സഭയിൽ പങ്കെടുക്കാൻ കഴിയൂ. ഒരോ ഡപ്യൂട്ടി കളക്ടർമാർക്കും ഒരോ താലൂക്കിലും ചുമതലയുമുണ്ട്.