road

പ്രവിത്താനം: കുണ്ടും കുഴിയുമായി തകർന്നുകിടക്കുന്ന ഉള്ളനാട് വലിയകാവുംപുറം റോഡിലൂടെ എങ്ങനെ യാത്ര ചെയ്യും ?​ റോഡിന്റെ ദയനീയാവസ്ഥ കണ്ടിട്ടും അധികൃതരാരും കണ്ണുതുറക്കുന്നില്ല. ഒരു മഴ പെയ്താലുടൻ കുഴികൾ മുഴുവൻ വെള്ളക്കെട്ടിലാവും. ഇതോടെ കുഴിയുടെ ആഴമറിയാതെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവാണ്. കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നു.

ഭരണങ്ങാനം, തലപ്പുലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണിത്. പ്രവിത്താനം കവലയിൽ നിന്ന് ഉള്ളനാട്‌ വലിയകാവുംപുറം അഞ്ഞൂറ്റിമംഗലം പ്ലാശനാൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ ബസ് സർവീസുമുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളുൾപ്പെടെ ദിവസേന നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന വഴിയാണ്.

വില്ലൻ ടോറസ് ലോറികളും

റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത് ഇതുവഴി എപ്പോഴും സഞ്ചരിക്കുന്ന ടോറസ് ലോറികളാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയിൽ മൂന്ന് പാറമടകളുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള കല്ലുമായി ടോറസ് ലോറികൾ പായുകയാണ്. ഇതോടെ റോഡിന്റെ തകർച്ച പൂർണമായി. പാലായുടെ ചുറ്റുവട്ടത്ത് ബി.എം.ബി.സി. നിലവാരത്തിൽ ടാർ ചെയ്യാത്ത ഏക റോഡാണിത്.

റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണം

റോഡിനോട് സ്ഥലം എം.എൽ.എ.യും പി.ഡബ്ല്യു.ഡി. അധികാരികളും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഉള്ളനാട് മേഖല കമ്മറ്റി ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജേജോ അടയ്ക്കാപ്പാറ അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് ചെറുവള്ളി, ജോസ് കല്ലക്കാവുങ്കൽ, സുധാ ഷാജി, സിബി നരിക്കുഴി, ഔസേപ്പച്ചൻ, ജോജി വട്ടപ്പലം, ജോമി, ജോസ് നരിക്കുഴി, അനീഷ് എന്നിവർ പ്രസംഗിച്ചു.