chendumally

പാലാ: മുരിക്കുംപുഴ സ്വദേശി അജിത് പനയ്ക്കലും ഭാര്യ രമ്യയും മൂന്ന് വയസുള്ള മകൻ ആദിദേവും ചേർന്ന് ഒരുക്കിയത് ചെണ്ടുമല്ലി വസന്തം. വീടിന്‌സമീപത്ത് പാട്ടത്തിനെടുത്ത 60 സെന്റ് സ്ഥലത്ത് 2500 ചെണ്ടുമല്ലി ചെടികൾ പൂവിട്ടത് മനോഹരമായ കാഴ്ചയാണ്. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലി ചെടികളാണ് ഓണത്തിന് പൂക്കളം ഒരുക്കുന്നതിനായി തയാറാക്കിയിട്ടുള്ളത്.

സാധാരണ പൂപ്പാടങ്ങൾ കാണുന്നതിന് അന്യ സംസ്ഥാനങ്ങളിൽ പോകേണ്ടിയിരുന്നു. എന്നാൽ ഇന്ന് കേരളത്തിലെ കാലാവസ്ഥയിൽ ഇവ നന്നായി വളരുമെന്നും പൂക്കൾ സുലഭമായി ലഭിക്കുമെന്നും ചെണ്ടുമല്ലി കൃഷിയിലൂടെ അജിത്തും കുടുംബവും തെളിയിച്ചു.

പ്രവാസിയായിരുന്നു ഭാര്യ രമ്യയുടെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി പൂകൃഷി നടത്തിയത്. പാലാ കൃഷിഭവൻ ഉദ്യോഗസ്ഥർ മാർഗനിർദ്ദേശം നൽകി. ഇത്തവണത്തെ കർഷക ദിനത്തിൽ പാലാ മുനിസിപ്പാലിയിലെ മികച്ച വനിതാ കർഷകയായി രമ്യയെ തെരഞ്ഞെടുത്തിരുന്നു.

60 സെന്റ് സ്ഥലത്ത് പൂകൃഷിക്ക് പുറമേ ഏത്തവാഴയും വെണ്ടയും തക്കാളിയും മുളകും സലാഡ് വെള്ളരിയും മധുരക്കിഴങ്ങുമൊക്കെ അജിത്തും രമ്യയും കൃഷി ചെയ്യുന്നുണ്ട്.