കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള റാസയിൽ അനുഗ്രഹം തേടി ആയിരങ്ങൾ. ആഘോഷവും ആത്മീയതയും സമന്വയിച്ച റാസയിൽ വർണവിസ്മയം തീർത്ത് മുത്തുക്കുടകളുടെ വർണമേലാപ്പിന് കീഴിൽ മൂന്നര കിലോമീറ്ററിലധികം നീളത്തിൽ നാനാജാതി മതസ്ഥരായ ആയിരങ്ങൾ അണിനിരന്നു. മധ്യാഹ്നപ്രാർഥനയ്ക്കുശേഷം പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ദൈവമാതാവിനോടുള്ള അപേക്ഷകളും സ്തുതിപ്പുകളും കീർത്തനങ്ങളുമായി വിശ്വാസികൾ ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിശ്വാസപ്രദക്ഷിണത്തിൽ പങ്കുചേർന്നു. പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ച് നിൽക്കുന്ന വശ്യതയാർന്ന ഛായാചിത്രമുള്ള കൊടിയും വിശുദ്ധ ഗീവർഗീസ് സഹദായുടെ ഛായാചിത്രമുള്ള കൊടിയും ഒരു മരക്കുരിശും രണ്ടു വെട്ടുക്കുടകളും പിന്നിൽ കൊടികളും അതിനുപിന്നിൽ മുത്തുക്കുടകളും അണിനിരന്നു. മരക്കുരിശുകളും പൊൻ,വെള്ളിക്കുരിശുകളും റാസയിൽ നിരന്നു. 200ൽ അധികം പൊൻവെള്ളിക്കുരിശുകളാണ് റാസായിൽ ഉപയോഗിച്ചത്. വലിയപള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്കുശേഷം അംശവസ്ത്രങ്ങൾ ധരിച്ച വൈദികർ റാസയിൽ പങ്കുചേർന്നു ആശീർവദിച്ചു. ഫാ. തോമസ് മറ്റത്തിൽ, ഫാ. ജോർജ് കരിപ്പാൽ, ഫാ. ഏബ്രഹാം കരിമ്പന്നൂർ എന്നിവർ റാസയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കൽക്കുരിശ്, കണിയാംകുന്ന് കുരിശിൻ തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാർഥനയ്ക്കുശേഷം മണർകാട് കവലയിൽ റാസ എത്തി. ധൂപപ്രാർഥനയ്ക്കുശേഷം മണർകാട് കവലയിലെ കുരിശിൻതൊട്ടിയിൽ ഫാ.ജോർജ്ജ് കരിപ്പാൽ വചനസന്ദേശം നൽകി. അഞ്ചരയോടെ റാസ തിരികെ വലിയപള്ളിയിലെത്തി. കത്തീഡ്രലിലെ ധൂപപ്രാർഥനയ്ക്ക് ശേഷം അംശവസ്ത്രധാരികളായ വൈദികർ വിശ്വാസി സമൂഹത്തെ ആശീർവദിച്ചു.
വാദ്യാഘോഷങ്ങളും റാസയ്ക്ക് പൊലിമ പകർന്നു. 18 വാദ്യമേളങ്ങൾ പങ്കെടുത്തു. വനിതാസമാജാംഗങ്ങൾ യൂണിഫോമിലും ഇവർക്ക് പിന്നിലായി കത്തിച്ച മെഴുകുതിരികളുമായി ശുശ്രൂഷകസംഘം അംഗങ്ങളും വയോജന സംഘടനാ അംഗങ്ങളും അണിനിരന്നു. റാസാ കമ്മിറ്റി കൺവീനർ ഫാ.കുര്യാക്കോസ് കാലായിൽ ട്രസ്റ്റിമാരായ പി.എ ഏബ്രഹാം പഴയിടത്തുവയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ.ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവർ നേതൃത്വം നൽകി.