കോട്ടയം: പക്ഷിപ്പനി ബാധിത മേഖലകളിൽ താറാവ്, കോഴി വളർത്തലിന് ഡിസംബർ 31 വരെ മൃഗസംരക്ഷണ വകുപ്പ് നിരോധനം ഏർപ്പെടുത്തിയത് ക്രിസ്മസ് വിപണി സ്വപ്നം കണ്ട കർഷകരെ നിരാശയിലാഴ്ത്തുന്നു. എന്നാൽ തമിഴ്നാട്ടിൽ നിന്ന് ഇറച്ചിക്കോഴിയെയും, താറാവിനെയും കൊണ്ടു വരുന്നതിന് നിരോധനമില്ല. തമിഴ്നാട് ലോബിയുമായുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. കോട്ടയത്ത് മണർകാട് കോഴി ഫാമിലും, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ ചില പ്രദേശങ്ങളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ താലൂക്ക് മൊത്തം നിരോധനം ഏർപ്പെടുത്തുകയായിരുന്നു. 2025 മാർച്ച് 31 വരെ പക്ഷി വളർത്തൽ നിരോധിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തതിനാൽ നിരോധനം നീളാം.
വൈറസ് വ്യാപനം തടയാനെന്ന്
വൈറസ് വ്യാപനം തടയാനാണ് നിരോധനമെന്നാണ് അധികൃതർ നൽകുന്നത്. തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന ബോയിലർ കോഴികളിലും, താറാവിലും പരിശോധന അതിർത്തികളിൽ നടത്താറില്ല. ചങ്ങനാശേരി, കോട്ടയം,വൈക്കം താലൂക്കുകളിലെ ഹാച്ചറികളിൽ മുട്ടകൾ നശിപ്പിച്ച് ശാസ്ത്രീയമായി സംസ്കരിക്കാനാണ് നിർദ്ദേശം. മുട്ടക്ക് അഞ്ചു രൂപയും നഷ്ടപരിഹാരമായി 1000 രൂപയും നൽകും. താറാവ്, കോഴി എന്നിവയിൽ നിന്ന് മറ്റു ജീവജാലങ്ങളിലേക്കും പക്ഷിപ്പനി പടരുന്നതായാണ് കണ്ടെത്തൽ.
കേന്ദ്ര പഠനസംഘമാണ് നിരോധനം ഏർപ്പെടുത്താൻ നിർദ്ദേശിച്ചത്. തമിഴനാട്ടിൽ നിന്ന് പക്ഷിക്കുഞ്ഞുങ്ങളെ വളർത്താൻ കൊണ്ടുവരുന്നതിനാണ് നിരോധനം. ഇറച്ചി ആവശ്യത്തിന് കോഴി, താറാവുകളെ കൊണ്ടുവരാം.
ജെ.ചിഞ്ചു റാണി (മൃഗസംരക്ഷണ വകുപ്പ് മന്ത്രി )