
ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ പാമ്പൂരാംപാറ വാർഡിൽ നിർമ്മിക്കുന്ന ഓവർഹെഡ് ടാങ്കിന്റെ നിർമ്മാണം ആരംഭിച്ചു. 15 ലക്ഷം രൂപ ചെലവിൽ 60000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് നിർമ്മിക്കുന്നത്. പുതിയ ടാങ്ക് നിർമ്മിക്കുന്നതോടുകൂടി 200 ഓളം വീടുകളിൽ ശുദ്ധജലം എത്തും. നിലവിലുള്ള ടാങ്കിന് ഉയരം കുറവായതിനാൽ പല വീടുകളിലും ജലം ലഭിച്ചിരുന്നില്ല.
പഞ്ചായത്ത് മെമ്പർ അനുമോൾ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ടോമി മാത്യു ഉപ്പിടുപാറ, ദേവസ്യ മത്തായി മഠത്തിൽ, ഷിജോ വെട്ടുകല്ലേൽ, ബിനോജ് ആന്റണി പടവിൽ തുടങ്ങിയവർ പ്രസംഗിച്ചു.