കോട്ടയം: ഓണവരവറിയിച്ച് നഗരത്തിൽ പൂക്കളെത്തി. അന്യസംസ്ഥാനത്ത് നിന്നുമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള കച്ചവടക്കാരിലേക്ക് പൂക്കളെത്തുന്നത്.
തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് പൂക്കച്ചവടം ഇന്നലെ മുതൽ ആരംഭിച്ചു. ചെണ്ടുമല്ലി, വാടാമല്ലി എന്നിവയാണ് നിലവിലുള്ളത്. അരളി പൂവിലെ വിഷാംശത്തെ തുടർന്ന് അരളി പലരും ഉപേക്ഷിച്ചിരുന്നു. എന്നാൽ, ഇവയും വില്പനയ്ക്കുണ്ട്. അരളിയെ സംബന്ധിച്ച വിലക്കൊന്നും അന്യസംസ്ഥാന വ്യാപാരികൾ അറിഞ്ഞിട്ടില്ല. തമിഴ്‌നാട്ടിൽനിന്ന് പതിവായി പൂക്കളുമായി വരുന്നവരാണ് ഇത്തവണയും എത്തിയത്. പൂക്കളുടെ കൂടുതൽ ഇനങ്ങൾ വരും ദിവസങ്ങളിൽ എത്തുമെന്ന് കച്ചവടക്കാർ പറയുന്നു. വയനാട് ദുരന്തത്തെ തുടർന്ന് ആഘോഷങ്ങൾ ലളിതമാക്കിയതിനാൽ മുൻകാലങ്ങളിലേതുപോലെ വിപണി സജീവമല്ല. കോളേജുകളിലും സ്ഥാപനങ്ങളിലും ഓണാഘോഷങ്ങൾ തുടങ്ങിയാലേ ഇനി പൂക്കളുടെ വിപണി സജീവമാകൂ.
വില ഇങ്ങനെ:
മഞ്ഞ ചെണ്ടുമല്ലി- 150 രൂപ
ഓറഞ്ച് ചെണ്ടുമല്ലി- 200 രൂപ
വാടാമല്ലി- 150
വെള്ള അരളിക്ക്- 300 രൂപ
ചുവപ്പ്, പിങ്ക് അരളിപ്പൂക്കൾക്ക്- 200 രൂപ