fre

കോട്ടയം: സി.എം.എസ് കോളേജിന് സമീപം ചാലുകുന്നിൽ പുരാവസ്തുക്കൾ വിൽക്കുന്ന കടയിൽ വൻ അഗ്നിബാധ. കുമ്മനം സഫാ മൻസിലിൽ മൻസൂറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ഇന്നലെ രാവിലെ ഏഴോടെ തീപിടുത്തമുണ്ടായത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.സി ശിവകുമാറിന്റെ നേതൃത്വത്തിൽ കോട്ടയത്ത് മൂന്ന് ഫയർ യൂണിറ്റുകൾ എത്തിയാണ് മണിക്കൂറുകൾക്കൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷകണക്കിന് രൂപയുടെ പുരാവസ്തുശേഖരങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞതായി സേനാംഗങ്ങൾ പറഞ്ഞു. നിരവധി കൊത്തുപണികളോടു കൂടിയ തടി ഉരുപ്പടികളും പഴയ സംഗീതോപകരണങ്ങളും അടക്കം ലക്ഷകണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങൾ കടയിലുണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികനിഗമനം. പഴയ തടി ഉരുപ്പടികൾ കത്തിനശിച്ചിട്ടുണ്ട്,. രക്ഷാപ്രവർത്തനത്തിൽ ടി.എൻ പ്രസാദ്, ജിതേഷ് ബാബു, സി.എസ് അജിത്ത് കുമാർ, വി.അനീഷ്, ഷിബു മുരളി, കിഷോർ, അഹമ്മദ് ഷാഫി അബ്ബാസി, അനീഷ് ശങ്കർ, സാഹിൽ ഫിലിപ്പ്, അപർണാ കൃഷ്ണൻ, ഗീതുമോൾ, അനുമോൾ എന്നിവർ പങ്കെടുത്തു.