
കോട്ടയം: കാലവർഷം ഒരു മാസം ബാക്കിനിൽക്കേ ഈ സീസണിൽ ജില്ലയിൽ പെയ്തിറങ്ങിയത് 1680.2 മില്ലി മീറ്റർ മഴ. ജൂൺ ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. കാലാവസ്ഥാവകുപ്പിന്റെ കണക്കനുസരിച്ച് 1692.2 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. മഴയിൽ ഒരു ശതമാനത്തിന്റെ നേരിയ കുറവ് മാത്രമാണ് നിലവിലുള്ളത്. ഇതുവരെ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ച ജില്ലയായി കോട്ടയത്തെ കണക്കാക്കും. ദിവസങ്ങൾക്ക് മുമ്പ് ഒമ്പത് ശതമാനത്തിന്റേതായിരുന്നു കുറവ്. കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയാണ് ഈ കുറവ് നികത്തിയത്. ജൂൺ ആദ്യ ദിവസങ്ങളിൽ ശക്തമായ മഴയാണ് ജില്ലയിൽ ലഭിച്ചത്. പിന്നീട് ശക്തി കുറഞ്ഞു. എന്നാൽ ആഗസ്റ്റിൽ ഒട്ടുമിക്ക ദിവസങ്ങളിലും മഴ പെയ്തിറങ്ങി.
വേനൽ മഴയിലും റെക്കാഡ്
വേനൽ മഴയിലും ജില്ല റെക്കാഡിട്ടിരുന്നു. മാർച്ച് ഒന്ന് മുതൽ മേയ് 31 വരെ 839.7 മില്ലി മീറ്റർ മഴ കോട്ടയത്ത് പെയ്തു. തീക്കോയിലായിരുന്നു ഏറ്റവും കൂടുതൽ ലഭിച്ചത്. ഈരാറ്റുപേട്ട, കോഴാ, പൂഞ്ഞാർ, വൈക്കം, മുണ്ടക്കയം, കോട്ടയം, കുമരകം, പാമ്പാടി തുടങ്ങിയ പ്രദേശങ്ങളും കൂടുതൽ വേനൽമഴ ലഭിച്ചവയുടെ പട്ടികയിൽ ആദ്യസ്ഥാനെതത്തിയിരുന്നു.