
കോട്ടയം: നാഗമ്പടം മേൽപ്പാലത്തിന് സമീപത്തെ ട്രാഫിക് സിഗ്നൽ ലൈറ്റ് നോക്കുകുത്തിയായി മാറി. തിരക്കേറിയ നാഗമ്പടം പാലത്തിൽ സിഗ്നൽ ലൈറ്റ് പ്രവർത്തിച്ച് അധികം വൈകാതെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ തൂണുകൾ സ്ഥിതി ചെയ്യുന്ന ഡിവൈഡറും പുതിയ റൗണ്ടാനയും സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ചെങ്കിലും സിഗ്നൽലൈറ്റുകൾ മാത്രം നോക്കുകുത്തിയായി മാറി.
സിഗ്നൽലൈറ്റുകൾ ഇവിടെ
കളക്ടറേറ്റ്, ബസേലിയോസ് ജംഗ്ഷൻ, ലോഗോസ്, മണിപ്പുഴ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ പ്രവർത്തിക്കുന്നത്. നാഗമ്പടം, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, കഞ്ഞിക്കുഴി. ചിങ്ങവനം തുടങ്ങിയ സ്ഥലങ്ങളിൽ സിഗ്‌നൽലൈറ്റുകൾ ഉണ്ടെങ്കിലും പ്രവർത്തനരഹിതം.
ഗതാഗതക്കുരുക്കും
സിഗ്‌നൽ പ്രവർത്തിക്കാത്തതിനാൽ നാലുവശത്തുനിന്നും അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനും ട്രാഫിക് കുരുക്കിനും ഇടയാക്കുന്നു. വാഹനങ്ങൾ ഇവിടെ തോന്നുംപടിയാണ് കടന്നുപോകുന്നത്. റോഡ് തകർച്ചയെ തുടർന്ന് നിലവിൽ മേൽപ്പാലം റോഡിലേക്കുള്ള യാത്ര ഇരട്ടി ദുരിതം നിറഞ്ഞതായി.
ലക്ഷക്കണക്കിന് രൂപ പാഴാകുന്നു
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച സിഗ്‌നൽ ലൈറ്റാണ് നശിക്കുന്നത്. സമീപത്തെ നെഹ്‌റു സ്റ്റേഡിയം, നാഗമ്പടം പോപ്പ് മൈതാനം എന്നിവിടങ്ങളിൽ പരിപാടികൾ നടക്കുമ്പോൾ നിയന്ത്രിക്കാനാവാത്തവിധമുള്ള വാഹനത്തിരക്കാണ് ദിനംപ്രതി ഇവിടെ അനുഭവപ്പെടുന്നത്. സിഗ്‌നലുകളുടെ പ്രവർത്തനം നിലച്ചതോടെ വാഹനങ്ങൾ തമ്മിലിടിച്ചും ഡിവൈഡറുകളിൽ ഇടിച്ചും അപകടങ്ങൾ പതിവാണ്. റോഡുകൾ ഉന്നത നിലവാരത്തിലായതോടെ വാഹനങ്ങളുടെ വേഗതയും വർദ്ധിച്ചു. സിഗ്‌നൽ ലൈറ്റ് ഉണ്ടായിരുപ്പോൾ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ സഹായകമായിരുന്നു.
സിഗ്‌നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കണം. ഗതാഗതക്കുരുക്കും അപകടവും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. -യാത്രക്കാർ