പാലാ: മീനച്ചിൽ താലൂക്ക് വികസനസമിതി യോഗത്തിൽ കേരളാ കോൺഗ്രസ് (ബി)യുടെ പ്രതിനിധി പാർട്ടി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ ഔസേപ്പച്ചൻ ഓടയ്ക്കൽ തന്നെയാണെന്ന് കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അറിയിച്ചു. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്.

ഇക്കഴിഞ്ഞ ഒന്നിന് ഇതു സംബന്ധിച്ച് മീനച്ചിൽ തഹസിൽദാർക്ക് പാർട്ടി ജില്ലാ കമ്മറ്റിയുടെ കത്ത് കൊടുത്തിട്ടുണ്ടെന്നും ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ ചൂണ്ടിക്കാട്ടി. ഇതിന് മുമ്പ് ചേർന്ന താലൂക്ക് വികസനസമിതി യോഗത്തിൽ പാർട്ടിയിൽ നിന്നുതന്നെ ഔസേപ്പച്ചൻ ഓടയ്ക്കലും പാർട്ടി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് വേണു വേങ്ങയ്ക്കലും പങ്കെടുത്തിരുന്നു. എന്നാൽ നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടിയുടെ ഒരു പ്രതിനിധിക്കേ താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാൻ കഴിയൂ എന്ന തീരുമാനം കർശനമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഔസേപ്പച്ചൻ ഓടയ്ക്കലിനെ വികസന സമിതി യോഗത്തിൽ പങ്കെടുക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും പ്രശാന്ത് നന്ദകുമാർ വിശദീകരിച്ചു.


റവന്യു അധികൃതർ തന്നോട് പങ്കെടുക്കാനാണ് ആവശ്യപ്പെട്ടത് വേണു വേങ്ങയ്ക്കൽ

കഴിഞ്ഞ ദിവസം താലൂക്ക് ഓഫീസിൽ നിന്നും ഫോണിൽ വിളിച്ച ഡപ്യൂട്ടി തഹസിൽദാർ മഞ്ജിത്ത് തന്നോട് വികസനസമിതി യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചെന്ന് കേരളാ കോൺഗ്രസ് (ബി) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് വേണു വേങ്ങയ്ക്കൽ പറയുന്നു. നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടിയുടെ അതാത് നിയോജകമണ്ഡലം പ്രസിഡന്റുമാരെയാണ് വികസന സമിതി യോഗത്തിൽ പങ്കെടുപ്പിക്കുകയെന്ന് ഡെപ്യൂട്ടി തഹസിൽദാർ വിശദീകരിച്ചതായും വേണു പറയുന്നു.