
പാലാ: ട്രാൻസ്ഫോർമറുകളിൽ കാടു കയറി കിടക്കുന്നത് പതിവ് കാഴ്ചയാണ്. ഇതാകട്ടെ ട്രാൻസ്‌ഫോർമറുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും കേടുവരുത്തുന്നതിനുമപ്പുറം പൊതുജനങ്ങൾക്കും കെ.എസ്.ഇ.ബി. ജീവനക്കാർക്കും അപകട ഭീഷണി ഉയർത്തുന്നവയുമാണ്. പാലാ ഡിവിഷനു കീഴിൽ പലയിടങ്ങളിലും കാടുകയറിയ ട്രാൻസ്‌ഫോർമറുകളുണ്ട്.
കാട് കയറിക്കിടക്കുന്ന ട്രാൻസ്‌ഫോർമറുകളെക്കുറിച്ച് നിരന്തരം വാർത്തകൾ വന്ന പശ്ചാത്തലത്തിൽ ഓരോ ഡിവിഷൻ കേന്ദ്രീകരിച്ചും മുഴുവൻ ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളും ശുചീകരിക്കാനുള്ള ''ഓപ്പറേഷൻ ക്ലീൻ ട്രാൻസ്‌ഫോർമർ പദ്ധതി'' പാലാ ഡിവിഷനിൽ ഇന്ന് ആരംഭിക്കുകയാണ്.
പാലാ നഗരത്തിന് അടുത്ത് ജനതാ റോഡിൽ മക്കിടി ജംഗ്ഷനിലെ ട്രാൻസ്‌ഫോർമറിൽ കാട്ടുപള്ളകൾ കയറിയ വിവരം നാട്ടുകാർ പാലാ കെ.എസ്.ഇ.ബി. അധികാരികളെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പാലാ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ യു. ഉണ്ണികൃഷ്ണൻ മുൻകൈ എടുത്താണ് ''ഓപ്പറേഷൻ ക്ലീൻ ട്രാൻസ്‌ഫോർമർ പദ്ധതി'' ഇന്ന് ആരംഭിക്കുന്നത്.
സാധാരണയായി ട്രാൻസ്‌ഫോർമറിൽ ചുറ്റിക്കിടക്കുന്ന കാടുകളുടെ ചുവടുകൾ വെട്ടിമാറ്റുക മാത്രമേ ജീവനക്കാർ ചെയ്യാറുള്ളൂ. പിന്നീട് മേൽഭാഗം ഉണങ്ങി കരിഞ്ഞ് പോകുകയാണ് പതിവ്. എന്നാൽ ഓപ്പറേഷൻ ക്ലീൻ ട്രാൻസ്‌ഫോർമർ പദ്ധതി പ്രകാരം ട്രാൻസ്‌ഫോർമറിൽ കയറിക്കിടക്കുന്ന മുഴുവൻ വള്ളിച്ചെടികളും കാട്ടുപള്ളകളും മുറിച്ച് വലിച്ചുനീക്കി ട്രാൻസ്‌ഫോർമർ സ്റ്റേഷനും പരിസരവും ശുചീകരിക്കണമെന്നാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
പാലാ ഡിവിഷന് കീഴിൽ 1200 ട്രാൻസ്‌ഫോർമറുകൾ
കെ.എസ്.ഇ.ബി. പാലാ ഡിവിഷന് കീഴിൽ 1200ഓളം ട്രാൻസ്‌ഫോർമറുകളാണ് ഉള്ളത്. ഇതിൽ മുപ്പത് ശതമാനത്തോളം ട്രാൻസ്‌ഫോർമർ സ്റ്റേഷനുകൾ കാട് വെട്ടി അടിയന്തരമായി ശുചീകരിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ നഗരപ്രദേശങ്ങളിലെ ട്രാൻസ്‌ഫോർമറുകൾ ശുചീകരിക്കുന്നതിനാണ് മുൻഗണന.
കാട് കയറിയ ട്രാൻസ്‌ഫോർമറുണ്ടോ വിവരം അറിയിക്കാം
നിങ്ങളുടെ നാട്ടിൽ ശോചനീയ അവസ്ഥയിലുള്ള ട്രാൻസ്‌ഫോർമറുകളുണ്ടോ? ഉണ്ടെങ്കിൽ ചിത്രം സഹിതം വിവരം കെ.എസ്.ഇ.ബി. പാലാ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് വാട്‌സ് ആപ്പ് ചെയ്യാം. ഓപ്പറേഷൻ ക്ലീൻ ട്രാൻസ്‌ഫോർമർ പദ്ധതിയിലൂടെ എത്രയും വേഗം നിങ്ങൾ ചൂണ്ടിക്കാട്ടുന്ന ട്രാൻസ്‌ഫോർമറിന്റെ പരിസരവും ശുചീകരിക്കും. വിവരവും ചിത്രങ്ങളും അയയ്‌ക്കേണ്ട നമ്പർ 9446008303.