മണർകാട്: ഭക്തജനസാഗരമായി മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ. ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന പെരുന്നാൾ ദിനമായ ഇന്നലെ കത്തീഡ്രലിൽ അത്യപൂർവമായ ഭക്തജന തിരക്കായിരുന്നു. പെരുന്നാളിനോടനുബന്ധിച്ചു വർഷത്തിലൊരിക്കൽ മാത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിനു നാനാജാതിമതസ്ഥരായ വിശ്വാസികൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് എത്തിയിരുന്നു. രാത്രി വൈകിയും പള്ളിയിലേക്ക് ഭക്തജന പ്രവാഹമായിരുന്നു.
സ്‌കൂളുകൾക്കും കോളേജുകൾക്കും ഓണം അവധികൂടെ ആരംഭിക്കുന്നതോടെ കത്തീഡ്രലിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ഭക്തരെത്തും. വന്നെത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനും ക്രമീകരണങ്ങൾക്കുമായി പള്ളി ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ക്രമസമാധാന പരിപാലനത്തിനും ഗതാഗത ക്രമീകരണങ്ങൾക്കുമായി പൊലീസിന്റെ സേവനവും വരും ദിവസങ്ങളിൽ ലഭ്യമാണ്.
സ്ലീബാ പെരുന്നാൾ ദിനമായ സെപ്തംബർ 14 വരെ വിശ്വാസികൾക്ക് ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിന് അവസരമുണ്ടായിരിക്കും. 14ന് സന്ധ്യാപ്രാർത്ഥനയെത്തുടർന്നാണ് നട അടയ്ക്കൽ ശുശ്രൂഷ നടക്കുക. 14 വരെ വിശുദ്ധ കുർബാനയ്ക്ക് സഭയിലെ വിവിധ മെത്രാപ്പോലീത്തമാർ മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലാധിപൻ ഏലിയാസ് മോർ യൂലിയോസ് പ്രധാന കാർമ്മികത്വം വഹിക്കും.
1501 പേർ ഉൾപ്പെടുന്ന 15 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പെരുന്നാൾ ക്രമീകരണങ്ങൾ.
കത്തീഡ്രൽ വികാരി ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, സഹവികാരിയും പ്രോഗ്രാം കോഓർഡിനേറ്ററുമായ കെ. കുറിയാക്കോസ് കോർഎപ്പിസ്‌കോപ്പ, സഹവികാരിമാരായ കുര്യാക്കോസ് ഏബ്രഹാം കോർഎപ്പിസ്‌കോപ്പ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. ജെ മാത്യൂ മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ട്രസ്റ്റിമാരായ പി.എ. എബ്രഹാം പഴയിടത്ത് വയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവർ പെരുന്നാൾ നടത്തിപ്പിന് നേതൃത്വം നൽകി.