kozi

കോട്ടയം: പക്ഷിപ്പനിയെ തുടർന്ന് കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിൽ താറാവ്,​ കോഴി വളർത്തലിന് ഏർപ്പെടുത്തിയ നിരോധനം കർഷകനെ പ്രതിസന്ധിയിലാക്കി. ഡിസംബർ 31 വരെയാണ് നിരോധനം.

മൂന്നു താലൂക്കുകളിലും ചില പഞ്ചായത്തുകളിൽ മാത്രമായിരുന്നു പക്ഷിപ്പനി. എന്നാൽ താലൂക്ക് മുഴുവൻ നിരോധനമാക്കിയത് അശാസ്‌ത്രീയമാണെന്നും നഷ്ടത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുമെന്നും കർഷകർ പറയുന്നു. മറ്റുജില്ലകളിൽ പ്രശ്‌നബാധിത പഞ്ചായത്തുകളിൽ മാത്രമാണ് നിരോധനം. കോട്ടയം ജില്ലയിൽ മാത്രം താലൂക്ക് അടിസ്ഥാനത്തിൽ നിരോധനമെന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല.

പക്ഷിപ്പനി ബാധിത മേഖലയിലെ മുഴുവൻ വളർത്തു പക്ഷികളെയും കൊന്നൊടുക്കിയതോടെ പക്ഷിപ്പനി അവസാനിച്ചെന്നു കരുതി ക്രിസ്‌മസ് വിപണി മുന്നിൽ കണ്ട് കോഴി,​ താറാവു കുഞ്ഞുങ്ങളെ കർഷകർ വളർത്താനും സ്വകാര്യ ഹാച്ചറികളിൽ വിരിയിക്കാനും തുടങ്ങിയതിനിടെയാണ് നിരോധനം. വളർത്തിയവയെ വിൽക്കാനാകാത്ത സ്ഥിതിയാണ്.
എന്നാൽ തമിഴ്നാട്ടിൽ നിന്ന് ചെക്കുപോസ്റ്റുകളിൽ പരിശോധനയില്ലാതെ കൊണ്ടു വരുന്ന ബ്രോയിലർ താറാവ് കോഴികൾക്ക് പക്ഷിപനി ഉണ്ടെങ്കിൽ പടരില്ലേ എന്ന ചോദ്യത്തിന്ഉത്തരമില്ല.

നഷ്‌ടപരിഹാരം കിട്ടിയില്ല

പക്ഷി പനി പടർന്നതോടെ വ്യാപകമായി കൊന്നൊടുക്കിയ വളർത്തു പക്ഷികൾക്കുള്ള നഷ്ടപരിഹാരവും ഇതുവരെ കിട്ടിയിട്ടില്ലെന്ന് കർഷകർ പറയുന്നു. കോട്ടയത്ത് 1,89,​977 വളർത്തു പക്ഷികളെ കൊന്നൊടുക്കിയതിന് നഷ്ടപരിഹാരമായി 909 കർഷകർക്ക് 2.19 കോടിരൂപയാണ് നൽകാനുള്ളത്. 60 ദിവസത്തിൽ താഴെയുള്ളവക്ക് 100 രൂപ വീതവും അതിൽ കൂടുതൽ പ്രായമുള്ളവക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മൃഗസംരക്ഷണ വകുപ്പ് സർക്കാരിന് റിപ്പോർട്ടു നൽകി രണ്ടു മാസം കഴിഞ്ഞിട്ടും ആർക്കും നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല.

വായ്പ തിരിച്ചടവ് മുടങ്ങും

വായ്പ എടുത്തായിരുന്നു കർഷകർ കോഴി, താറാവ് കുഞ്ഞുങ്ങളെ വളർത്തിയത്. നിരോധനം വന്നതോടെ ബാങ്കുവായ്പ തിരിച്ചടക്കാനാവാതെ ബുദ്ധിമുട്ടുകയാണ് പലരും. നിരോധനത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് മോറട്ടോറിയം ലഭിക്കാനുള്ള സാഹചര്യവുമില്ലാത്തത് കർഷകരെ കടക്കെണിയിലാക്കും

മൂന്നു താലൂക്കുകളിൽ പൂർണമായും നിരോധനം ഏർപ്പെടുത്തിയത് അശാസ്ത്രീയമാണ്. തമിഴ്നാട്ടിൽ നിന്നു ഇറച്ചി ആവശ്യത്തിന് കൊണ്ടുവരാം. കേരളത്തിലെ കർഷകർ വളർത്തരുത് വിൽക്കരുതെന്ന നിലപാട് തമിഴ്നാട് ലോബിയെ സഹായിക്കാനാണ്

എബി ഐപ്പ്

കർഷകകോൺഗ്രസ് ജില്ലാസെക്രട്ടറി