prasad
കെ.പി പ്രസാദ് തന്റെ ശില്പങ്ങൾക്കൊപ്പം

കോട്ടയം: വിശ്രമ ജീവിതത്തിൽ വെറുതേയിരിക്കാൻ സമയമില്ല കെ.പി പ്രസാദിന്, കോട്ടയം കുടമാളൂരിലെ വീട്ടിൽ പുതിയ ശില്പം പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. ഒപ്പം ചിത്രരചനയിലും കവിതാരചനയിലും സജീവമാണ്. ഡൽഹിയിൽ തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ഇലക്ട്രൽ ഓഫീസറായിരുന്ന പ്രസാദ് വിരമിച്ച ശേഷമാണ് നാട്ടിലെത്തിയത്. 37 വർഷത്തെ ഡൽഹി ജീവിതത്തിന് ശേഷം നാട്ടിലെത്തിയ പ്രസാദിന്റെ കരവിരുതിൽ നിരവധി മനോഹര ശില്പങ്ങൾ പിറന്നു.

ചിത്രരചനയും ശില്പനിർമ്മാണവും ശാസ്ത്രീമായി പഠിച്ചിട്ടില്ലെങ്കിലും രണ്ട് മേഖലയിലും പ്രതിഭകൊണ്ട് കയ്യൊപ്പ് ചാർത്തിക്കഴിഞ്ഞു ഈ എഴുപത്തിയൊന്നുകാരൻ. 26-ാം വയസിൽ ഡൽഹിയിൽ എത്തിയതാണ് പ്രസാദ്. ചിത്രരചനയോടും ശില്പപങ്ങളോടും താത്പര്യമുണ്ടായിരുന്നതുകൊണ്ട് ഡൽഹിയിലെ നെഹ്റു പാർക്കിൽ നടന്ന ഓപ്പൺ സ്റ്റുഡിയോയിൽ ഒരു ശില്പപ്പo നിർമ്മിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി നിർമ്മിച്ച ശില്പി റാം വി സൂതർ ഈ ശില്പം കണ്ട് പ്രസാദിനെ അഭിനന്ദിച്ചു. റാം വി സൂതറിനെ മാനസ ഗുരുവായി സ്വീകരിച്ച പ്രസാദ് അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ നിരവധി

ശില്പങ്ങൾ നിർമ്മിച്ചു കഴിഞ്ഞു.

പോട്രെയ്റ്റ് വിഭാഗത്തിൽ മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ,ആർ വെങ്കിട്ടരാമൻ,റാം വി. സൂതർ, കവി ഒ.എൻ.വി കുറുപ്പ് തുടങ്ങിയവരുടെ ശില്പങ്ങൾ പൂർത്തീകരിച്ചു.പ്രകൃതിയുടെ മടിത്തട്ടിൽ എന്ന് പേരിട്ടിരിക്കുന്ന അട്ടിൻകുട്ടിയെ തോളിലേറ്റിയ സ്ത്രീയുടെ ശില്പം, അനുഭൂതിയെന്ന പേരിൽ നായ ചൊറിയുന്ന ശില്പം, ചരിത്രം ഉരുത്തിരിയുന്നു എന്ന പേരിലുള്ള ശ്രീബുദ്ധന്റെ ശിപ്പം തുടങ്ങിയവ ശ്രദ്ദേയമാണ്. കുമാരനാശാന്റെ കവിത ചിന്താവിഷ്ടയായ സീതയെ ആസ്പദമാക്കി തയാറാക്കിയ വ്യത്യസ്തമായ ശില്പപങ്ങളുമുണ്ട്. എല്ലാ മാസവും സഹിത്യാഭിരുചിയുള്ളവരുടെ കൂട്ടായ്മയും വീട്ടിൽ നടത്തും. ടാഗോറിന്റെ പ്രതിമ നിർമ്മാണം പൂർത്തിയായാലുടൻ ശ്രീനാരായണ ഗുരുദേവ ശില്പം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് പ്രസാദ്. നവോത്ഥാന നായകന്മാരുടെ ശിൽപ്പങ്ങൾ കൊണ്ടൊരു മ്യൂസിയം ഒരുക്കുകയെന്നതാണ് പ്രസാദിന്റെ ലക്ഷ്യം.

ഭാര്യ പരേതയായ രാധാ പ്രസാദ്. ഏക മകൾ ദീപ്തി പ്രസാദ് ഡിഫൻസ് മിനിസ്ട്രിയിലാണ്.