driver

കോട്ടയം : ഓണക്കാലത്ത് അനധികൃത മദ്യത്തിന്റെയും , ലഹരിപദാർത്ഥങ്ങളുടേയും ഒഴുക്കു നിയന്ത്രിക്കാൻ നാളെ മുതൽ 20 വരെ പ്രത്യേക ഡ്രൈവ് നടത്താൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. വിവിധ വകുപ്പുകളുമായി സഹകരിച്ചും, സംയുക്ത സ്‌ക്വാഡുകളുടെ നേതൃത്വത്തിലും കർശന പരിശോധന നടത്തും. ജില്ലാതാലൂക്ക് ആസ്ഥാനങ്ങളിൽ പൊലീസ് - എക്‌സൈസ്‌ - റവന്യൂ വകുപ്പുകളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ബാറുകളും മദ്യശാലകളും അനുവദനീയമായ സമയത്താണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈവേ പട്രോളിംഗ് സ്‌ക്വാഡിനെയും അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കുന്നതിന് മേഖല തിരിച്ച് രണ്ടു സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെയും സജ്ജമാക്കി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി.ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് , പൊലീസ് - എക്‌സൈസ് - ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.


ഹോട്ടലുകളിലെ പാർട്ടിക്ക് അനുമതി നിർബന്ധം

ഹോട്ടലുകളിൽ പ്രത്യേക പാർട്ടികൾ സംഘടിപ്പിക്കുകയാണെങ്കിൽ പൊലീസിൽനിന്ന് അനുമതി വേണം. മറ്റ് ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡ്രഗ്‌സ് കൺട്രോളറുടെ നേതൃത്വത്തിൽ മരുന്നുകടകളിൽ പ്രത്യേക പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും. സ്വകാര്യവാഹനങ്ങളിൽ മദ്യവും ലഹരിവസ്തുക്കളും കടത്തുന്നത് കണ്ടെത്താൻ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനയുമുണ്ട്.

അരിച്ച് പെറുക്കും
കായൽ മേഖലകളിലും ജില്ലാതിർത്തികളിലും പരിശോധന

റെയിൽവേ സ്‌റ്റേഷനുകളിലും, പ്രധാനഇടങ്ങളിലും പരിശോധന

പൊലീസ് - എക്‌സൈസ് വിഭാഗങ്ങളുടെ രാത്രികാല പട്രോളിംഗ്

പൊതുവിദ്യാഭ്യാസവകുപ്പ്, കൊളജീയറ്റ് എഡ്യൂക്കേഷൻ എന്നിവയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും.

-ജില്ലാ കളക്ടർ