കോട്ടയം: രാഷ്ട്രത്തിന്റെ ശക്തി വർദ്ധിപ്പിക്കാനല്ല സ്വന്തം രാഷ്ടീയ ശക്തി വർദ്ധിപ്പിക്കാനാണ് പല രാഷ്ടീയ നേതാക്കളും ശ്രമിക്കുന്നതെന്ന് മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി പറഞ്ഞു. എങ്ങനെയും അധികാരം നിലനിറുത്താനുള്ള രാഷ്‌ട്രീയം ഭരണപക്ഷം കളിക്കുമ്പോൾ എങ്ങനെയും അധികാരത്തിലെത്താനുള്ള കളികളാണ് പ്രതിപക്ഷം നടത്തുന്നത് . ടോക്സ് ഇന്ത്യ പ്രതിമാസ പ്രഭാഷണ പരിപാടി കെ.പി.എസ് മേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾ ഇന്നു ചോദ്യങ്ങൾ ചോദിക്കുന്നില്ല . സിലബസിനപ്പുറം അവർ ചിന്തിക്കുന്നില്ല. ഓരോ കാര്യത്തിലും വിമർശന ചിന്ത വളർത്തണം .യുവതലമുറ കൂടുതൽ ചിന്തിക്കാതെ സോഷ്യൽ മീഡിയയുടെ അടിമകളാകുന്നു. കൂടുതൽ ലൈക്കും വൈറലും അവർ ആഗ്രഹിക്കുന്നു.ഇതു മാറി സ്വതന്ത്രമായി ചിന്തിക്കണം. വിപ്ലവകരമായ ചിന്തയായിരുന്നു മഹാത്മാഗാന്ധിയുടേത് . സോഷ്യൽ മീഡിയയോ ഇന്റർനെറ്റോ ഇല്ലാതിരുന്ന കാലത്തായിരുന്നു ഇന്ത്യമുഴുവനുള്ള സാധാരണക്കാരെക്കൊണ്ട് ഉപ്പുവെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കി ബാപ്പു ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചത്.

ദണ്ഡി യാത്ര നടത്തിയപ്പോൾ ഗാന്ധിജിയെ പരിഹസിച്ച ഇന്ത്യൻ നേതാക്കളെയും ബ്രിട്ടീഷ് വൈസ്രോയിയെും ഞെട്ടിച്ച തരത്തിലുള്ള പ്രതികരണമായിരുന്നു ഗാന്ധി കാൽനടയാത്ര നടത്തി ഉപ്പുവെള്ളം വറ്റിച്ചുപ്പുണ്ടാക്കിയ വിപ്ലവമെന്നും തുഷാർ ഗാന്ധി പറഞ്ഞു. തുടർന്നു നടന്ന സംവാദത്തിൽ സദസ്യരുടെ ചോദ്യങ്ങൾക്കും തുഷാർഗാന്ധി മറുപടി പറഞ്ഞു കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു.