
കോട്ടയം : കൃഷിയിടങ്ങൾ കശക്കിയെറിഞ്ഞ് കാലവർഷവും , കാട്ടുമൃഗങ്ങളും, മറുവശത്ത് വിള ഇൻഷ്വറൻസ് നൽകാതെ സർക്കാർ. ഓണത്തിന് ദിവസങ്ങൾ ശേഷിക്കെ ഇരട്ടി പ്രഹരത്തിൽ ജില്ലയിലെ കർഷകർ തകർന്നിരിക്കുകയാണ്. കോടികളുടെ കുടിശികയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. അധികൃതർ പറയുന്നതോ സാമ്പത്തിക പ്രതിസന്ധിയെന്ന തൊടുന്യായം. കഴിഞ്ഞ ഏപ്രിൽ വരെയുള്ള നഷ്ടപരിഹാരത്തുകയാണ് വിതരണം ചെയ്തത്. അതിന് ശേഷം ജില്ലയിൽ കോടികളുടെ കൃഷിയാണ് നശിച്ചത്. 4.72 കോടി രൂപയാണ് വിതരണം ചെയ്യേണ്ടത്. അഞ്ച് മാസത്തിനിടെ ഒരു രൂപ പോലും വിതരണം ചെയ്തിട്ടില്ല. കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകരാണ് ഇൻഷ്വറൻസ് തുക കിട്ടാനായി കാത്തിരിക്കുന്നത്. പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം എന്നിവയിലൂടെയുള്ള നഷ്ടങ്ങൾക്ക് ഉത്പാദന ചെലവിന് ആനുപാതികമായി നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി.
കടമെടുത്ത് മുടിഞ്ഞു, ഇനിയെന്ത്
വ്യക്തികളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് ഭൂരിഭാഗം ആളുകളും കൃഷിയിറക്കിയത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം വിള ഉത്പാദനത്തെയും, വിലയെയും ബാധിച്ചു. ഇതോടെ കടം തിരികെ നൽകാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലായി. ഓണം പ്രതീക്ഷിച്ചിറക്കിയ കൃഷിയാകട്ടെ കഴിഞ്ഞ മാസങ്ങളിലുണ്ടായ കാറ്റിലും മഴയിലും വ്യാപകമായി നശിച്ചു. നിരവധി കർഷകരാണ് കൃഷി ഉപേക്ഷിച്ചത്.
കിട്ടാനുള്ളത്
235 കർഷകർ
4.72 കോടി
ഇൻഷ്വറൻസ് ലഭിക്കുന്നത്
പ്രകൃതി ക്ഷോഭം മൂലമുള്ള വിളനാശം
വന്യമൃഗ ആക്രമണം വഴിയുള്ളത്
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ നാശം
നെൽകൃഷിയിലെ കീടബാധ
'' ഇപ്പോഴത്തെ സാഹചര്യത്തിൽ തുക ലഭിച്ചിരുന്നെങ്കിൽ ഏറെ പ്രയോജനപ്പെടുമായിരുന്നു. മുൻവർഷങ്ങളിലും ഇൻഷ്വറൻസ് തുക ഏറെ വൈകിയാണ് കിട്ടിയത്''
ജോർജ് ജോസഫ്, കർഷകൻ