പിഴക്: പാലാ- തൊടുപുഴ ഹൈവേയുടെ ഓരത്ത് പിഴകിൽ ശ്രീലങ്കൻ തമിഴ്നാട് മാതൃകയിൽ മനോഹരമായ ക്ഷേത്ര ഗോപുരം. ഇതോടൊപ്പം നടപ്പന്തലും വിശാലമായ ബഹുനില കെട്ടിട സമുച്ചയവും. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ പിഴക് 4910ാം നമ്പർ ശാഖയുടെ ഗുരുമന്ദിര ഗോപുരവും കെട്ടിട സമുച്ചയവുമാണ് ശ്രദ്ധയാകർഷിക്കുന്നത്. ഹൈവേയുടെ ഓരത്ത് ഗോപുരത്തോടുകൂടിയ ഗുരുമന്ദിരം. തൊട്ടുചേർന്ന് മൂന്ന് നിലകളിൽ ടി.കെ. മാധവൻ സ്മാരക മന്ദിരം. അലങ്കാര ഗോപുരത്തിനും നടപ്പന്തലിനുമായി ചെലവ് 9 ലക്ഷം. ശ്രീലങ്കൻ ക്ഷേത്രങ്ങളുടെയും തമിഴ്നാട് ക്ഷേത്രങ്ങളുടെയും മാതൃകയിലുള്ള അലങ്കാരഗോപുരം കൂത്താട്ടുകുളം രമേശ് ആചാരിയുടെ നേതൃത്വത്തിലാണ് നിർമ്മിച്ചത്. മൂന്നുനില മന്ദിരം 35 ലക്ഷം രൂപയോളം ചെലവഴിച്ച് 3000 സ്‌ക്വയർ ഫീറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഗ്രൗണ്ട് ഫ്‌ളോർ ഹാളാണ്. രണ്ടാം നിലയിൽ ഓഫീസും മിനി കോൺഫറൻസ് ഹാളുമുണ്ട്. മൂന്നാം നില വിശാലമായ ഹാളാണ്.

യൂത്ത്മൂവ്‌മെന്റ് പിഴക ശാഖാ വൈസ് പ്രസിഡന്റുകൂടിയായ മനൂപ് മഞ്ഞക്കുഴയായിരുന്നു ബഹുനില മന്ദിരത്തിന്റെ കരാറുകാരൻ.

പിഴക് ശാഖാ അംഗങ്ങളുടെ മാത്രമല്ല സമുദായത്തിന്റെയാകെ അഭിമാന സ്തംഭമാണ് അലങ്കാര ഗോപുരവും ബഹുനില മന്ദിരവും. ഇത്ര വലിയൊരു വികസനപ്രവർത്തനം നടത്താൻ കഴിഞ്ഞത് ഗുരുദേവന്റെ അനുഗ്രഹമാണ്.

കെ.ജി. സാബു കൊടൂർ, പിഴക് ശാഖാ സെക്രട്ടറി

വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും

പിഴക് ശാഖയിലെ ടി.കെ. മാധവൻ സ്മാരക മന്ദിരത്തിന്റെയും ഗുരുദേവ ക്ഷേത്ര അലങ്കാര ഗോപുരത്തിന്റെയും സമർപ്പണം ഒക്‌ടോബർ 2ന് രാവിലെ 11 ന് നടക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമർപ്പണം നിർവഹിക്കും. നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ ആദരിക്കുമെന്ന് ശാഖാ നേതാക്കളായ കെ.ജി. ഷാജൻ കടുകുംമാക്കൽ, കെ.ജി. സാബു കൊടൂർ, എം.ആർ. സുകുമാരൻ മുക്കുറ്റിയിൽ എന്നിവർ അറിയിച്ചു.


ഫോട്ടോ അടിക്കുറിപ്പ്
പിഴക് ശാഖയിൽ പണിതീർത്ത ബഹുനില മന്ദിരവും അലങ്കാര ഗോപുരവും