കോട്ടയം: തിരുവോണദിവസം കോട്ടത്തോട്ടിൽ നടക്കുന്ന മത്സര വള്ളംകളിയിൽ ഇരുട്ടുകുത്തിയിൽ മത്സരിച്ച് ശ്രീനാരായണ ട്രോഫി സ്വന്തമാക്കാൻ കുമരകം ടൗൺ ബോട്ട് ക്ലബ്. തുരുത്തിത്തറ വള്ളത്തിലാണ് ടീം മത്സരിക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളിയിൽ നടുഭാഗം ചുണ്ടനിലാണ് കുമരകം ടൗൺ ബോട്ട് ക്ലബ് മത്സരിക്കുന്നത്. വയനാട് ദുരന്ത പശ്ചാത്തലത്തിൽ നെഹ്റു ട്രോഫി മാറ്റിവെച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തുഴച്ചിൽകാർ തിരിച്ചെത്തി. ബോയയിലെ പരിശീലനമായിരുന്നു ഇതുവരെ. നടുഭാഗം ചുണ്ടൻ അടുത്ത ദിവസമെത്തുന്നോടെ 28ന് നടക്കുന്ന നെഹ‌ൃട്രോഫിക്കായി രണ്ടംവട്ട തീവ്രപരിശീലനം ആരംഭിക്കും. പരിശീലനതുഴച്ചിലിന് 50 ലക്ഷത്തിലേറെ രൂപ ഇതുവരെ ചെലവായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വിജയകിരീടം ചൂടുന്നതിന് നിശ്ചയദാർഡ്യത്തോടെയുള്ള പരിശീലനമാണ് നടത്തുന്നത് . കോട്ടയത്തു നിന്ന് കുമരകം ബോട്ട് ക്ലബ്ബ് മേൽപ്പാടം ചുണ്ടനിലും ചങ്ങനാശേരിബോട്ട് ക്ലബ്ബ് വലിയദിവാൻജി ചുണ്ടനിലും നെഹൃട്രോഫിക്കായി മത്സരിക്കുന്നുണ്ട്.

ഒരു ദിവസം 150000 ലക്ഷം

ഒന്നര ലക്ഷം രൂപയാണ് ഒരു ദിവസത്തെ പരിശീലന ചെലവ്. നാട്ടുകാരായ തുഴച്ചിലുകാർക്ക് 1200 രൂപയും കയാക്കിംഗ് താരങ്ങളായ അന്യസംസ്ഥാനക്കാർക്ക് ഇരട്ടിയും കൂലി നൽകണം. താമസസൗകര്യമൊരുക്കണം. ഭക്ഷണത്തിന് ദിവസവും 30000 രൂപയാകും.

കോട്ടയത്ത് നിന്നുള്ള മൂന്ന് ടീമുകൾക്ക് ഇതുവരെ ഒരു കോടി രൂപയോളം പരിശീലന ചെലവ് വന്നു.

കടക്കെണിയിലായ ക്ലബ്ബുകൾക്ക് പിടിച്ചുനിൽക്കണമെങ്കിൽ നെഹൃട്രോഫിക്ക് പുറമേ ബോട്ട് ലീഗ് കൂടി നടത്തണം.

കെ.മിഥുൻ (കുമരകം ടൗൺ ബോട്ട് ക്ലബ്ബ് )