കോട്ടയം: കുടുംബശ്രീയുടെ വിപണന മേളകൾ ജനത്തിന് ആശ്വാസമായി. ഓണവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ ആരംഭിച്ചതാണ് മേളകൾ. ഇവിടെ കച്ചവടവും തകൃതിയായി നടക്കുന്നു. മായവും വിഷാംശവുമില്ലാത്ത ഉത്പന്നങ്ങൾ പൊതുവിപണിയിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കും. ഉപ്പേരിയും ശർക്കര വരട്ടിയും കറിപൗഡറുകളും അടക്കം 17 ഉത്പന്നങ്ങൾ കുടുംബശ്രീയുടെ തന്നെ ബ്രാൻഡിലാണ് വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. മായവും വിഷാംശവുമില്ല എന്നുള്ളതാണ് പ്രത്യേകത. ഉത്രാടം നാളായ 14 വരെയാണ് വിപണന മേളകൾ. ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്താണ് പ്രധാന മേള.
കൈപൊള്ളാതെ ഓണം ആഘോഷിക്കാം
സാധാരണക്കാരന് കൈപൊള്ളാതെ ഓണം ആഘോഷിക്കാൻ വേണ്ടതെല്ലാം ലഭ്യമാക്കിക്കൊണ്ട് കുടുംബശ്രീയുടെ 157 ഓണം വിപണന മേളകളാണ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഓണസദ്യ ഒരുക്കാൻ വേണ്ടതെല്ലാം മേളയിലുണ്ട്. കൂടാതെ, ഓണക്കോടികളും മേളയിലൊരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ വഴി തയ്യാറാക്കി വിൽപ്പനയ്ക്കായി എത്തിച്ച പച്ചക്കറികൾക്കാണ് ഡിമാൻഡേറെ. സാധനങ്ങളുടെ സ്‌റ്റോക്ക് തീരുന്നതിനുസരിച്ച് വീണ്ടും എത്തിക്കുന്നുമുണ്ട്. തുണിത്തരങ്ങളൊഴികെ മേളയിലെ ഉത്പന്നങ്ങളെല്ലാം കുടുംബശ്രീ സംരംഭകരുടേതാണ്. കുടുംബശ്രീയുടെ ലോഗോ ഉൾപ്പടെയുള്ള നിലവിൽ വിപണിയിൽ ലഭ്യമാകുന്ന മറ്റ് ബ്രാൻഡുകളോട് കിടപിടിക്കുന്ന തരത്തിൽ ആകർഷകമായ പായ്ക്കറ്റുകളിലാണ് ഇവ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.