
കുമരകം : ടൂറിസം ഗ്രാമമാണ്. പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം. യാത്രക്കാർക്ക് ആശ്രയം ഓട്ടോയാണ്. അതും ഇരട്ടിച്ചാർജ് നൽകണം. കുമരകം റൂട്ടിൽ സ്വകാര്യബസുകൾ ട്രിപ്പുകൾ മുടക്കുന്നതാണ് ദുരിതം വിതയ്ക്കുന്നത്. കോണത്താറ്റ് പാലം നിർമ്മാണത്തിനെ തുടർന്ന് ആകെ വലഞ്ഞിരിക്കുന്ന ജനത്തിന് ഇരുട്ടടിയായിരിക്കുകയാണിത്. നാട്ടുകാരിൽ ഭൂരിപക്ഷവും സർവീസ് ബസുകളെയാണ് ഗതാഗതത്തിനായി ആശ്രയിക്കുന്നത്. കിഴക്ക് ആറ്റാമംഗലം പള്ളിക്ക് സമീപത്തും പടിഞ്ഞാറ് പഞ്ചായത്ത് ബസ് ബേയിലുമാണ് സ്റ്റാൻഡ് ക്രമീകരണം. കുമരകത്തിന്റെ ഉൾപ്രദേശങ്ങളിലേക്കെത്താനും പെടാപ്പാടാണ്. രാവിലെ 5 മുതൽ കുമരകത്തു നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ ഇപ്പോൾ കോട്ടയത്തുനിന്നാണ് സർവീസ് ആരംഭിക്കുന്നത്. വൈകിട്ട് കുമരകത്തു നിന്നും കോട്ടയത്തേക്കുള്ള ബസുകൾ കുമരകത്ത് സർവീസ് അവസാനിപ്പിക്കുകയാണ്. രാത്രി 9.30ന് ശേഷം ഒരു ബസുമില്ല.
യാത്രക്കാരില്ലെന്ന് തൊടുന്യായം
കുമരകം, ചേർത്തല, ഭാഗങ്ങളിൽ നിന്ന് ദൂരസ്ഥലങ്ങളിൽ ജോലിക്കു പോയി മടങ്ങുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. സന്ധ്യ മയങ്ങിയാൽ കോട്ടയം - കുമരകം യാത്ര ദുഷ്ക്കരമാണ്. സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് കൂടാതെ സമയനിഷ്ഠയും പാലിക്കുന്നില്ല. യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ലാഭമില്ലെന്നാണ് ട്രിപ്പ് മുടക്കുന്നതിന് ഉടമകളുടെ വാദം. മോട്ടോർ വാഹന വകുപ്പാകട്ടെ നടപടിയെടുക്കുന്നുമില്ല. ഗ്രാമപഞ്ചായത്തും മറ്റ് ജനപ്രതിനിധികളും ഇക്കാര്യത്തിൽ കണ്ണടയ്ക്കുമ്പോൾ പെരുവഴിയിലാകുന്നത് ജനങ്ങളാണ്.
''അനധികൃതമായി ട്രിപ്പ് മുടക്കുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണം. എല്ലാ ദിവസവും ഓട്ടോ പിടിക്കാനുള്ള സാമ്പത്തികശേഷി സാധാരണക്കാർക്കില്ല.
-രാജേഷ്, യാത്രക്കാരൻ