
കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിലെ അപകടപരമ്പരയ്ക്ക് അവസാനമില്ലേ? ഒരിടവേളയ്ക്ക് ശേഷം ഇവിടെ വീണ്ടും അപകടം പതിവാകുന്നു. അമിതവേഗത്തെ തുടർന്നാണ് പല അപകടങ്ങളും. നീണ്ടുനിവർന്നു കിടക്കുന്ന ബൈപ്പാസ് റോഡിലെത്തിയാൽ വാഹനത്തിന് സ്പീഡ് കൂട്ടുന്നതാണ് പ്രശ്നമാവുന്നത്. മുപ്പായിപ്പാടം ഭാഗമാണ് പ്രധാന അപകടമേഖല. മുപ്പായിപ്പാടം ഭാഗത്തെ ഇടറോഡുകളിൽ നിന്നും കയറിവരുന്ന വാഹനങ്ങളുമായാണ് പലപ്പോഴും കൂട്ടിയിടി നടക്കുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങളിൽ നിരവധി ജീവനുകളും ഇവിടെ പൊലിഞ്ഞിട്ടുണ്ട്.
ഒരിടക്കാലത്തെ സ്റ്റണ്ടിംഗ് മേഖല
മുൻപ് നിരവധി തവണ മോഡേൺ ബൈക്കുകളിൽ സംഘമായെത്തി ന്യൂജനറേഷൻ യുവാക്കൾ നിരന്തരം സ്റ്റണ്ടിംഗ് നടത്തിയിരുന്ന മേഖലയാണിത്. അന്ന് അപകടവും ഇവിടെ പതിവായിരുന്നു. നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയതോടെ, പൊലീസും മോട്ടോർ വാഹന വകുപ്പും ഇവിടെ പരിശോധന കർശനമാക്കി. അതോടെ, ബൈക്ക് അഭ്യാസത്തിന് എത്തുന്നവരുടെ വരവും കുറഞ്ഞു. ഇതോടെ സ്റ്റണ്ടിംഗ് സംഘങ്ങൾ ഈരയിൽക്കടവിൽ നിന്നും വിട്ടുനിന്നു. സോഷ്യൽ മീഡിയയിൽ സ്റ്റണ്ടിംഗ് ചിത്രങ്ങളും വീഡിയോകളും ബി.ജി.എം ചേർത്തിട്ട് ആഘോഷമാക്കുന്നതായിരുന്നു യുവാക്കളുടെ ലഹരി.
മൂന്നു പേർക്ക് പരിക്കേറ്റു
ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മുപ്പായിപ്പാടം ഭാഗത്താണ് അപകടം. മൂന്നു പേരെയും ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഈരയിൽക്കടവ് ഭാഗത്തു നിന്നും എത്തിയ ബുള്ളറ്റും എതിർദിശയിൽ നിന്നും എത്തിയ ആക്ടീവ സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യാത്രക്കാരെ നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.