
പാലാ: നഗരസഭാ വക പുത്തൻപള്ളിക്കുന്നിലെ പൊതുശ്മശാനത്തിലെ ഫീസ് കുത്തനെ കൂട്ടിയിട്ടില്ല. സോഷ്യൽമീഡിയയിൽ അടക്കം നടക്കുന്നത് തെറ്റായ പ്രചാരണം. ചില ഹൈന്ദവ സംഘടനാ ഭാരവാഹികൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പ്രചാരണം തെറ്റാണെന്ന് ബോദ്ധ്യമായതോടെ അവർ പിൻമാറി. എന്നാൽ മൃതദേഹ സംസ്‌കാരത്തിന് തുക കൂട്ടിയ നടപടി അപലപനീയമാണെന്നും ഇതു കുറച്ചില്ലെങ്കിൽ യു.ഡി. എഫ്. സമരരംഗത്തു വരുമെന്നും മാണി സി. കാപ്പൻ രംഗത്തു വന്നതും വിചിത്രമായി. കൂട്ടാത്ത ഫീസ് കുറയ്ക്കണമെന്ന ആവശ്യമുയർത്തിയ എം.എൽ.എ യും വെട്ടിലായി.
കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ പൊതുശ്മശാനത്തിൽ ശവസംസ്‌കാരത്തിന് നിലവിൽ ഈടാക്കുന്ന 3500 രൂപ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയം ചർച്ചയ്ക്ക് വന്നിരുന്നു. പക്ഷേ ഈ വിഷയം അജണ്ടയിൽ പോലും ഉൾപ്പെടുത്തിയിരുന്നില്ല. നിലവിലെ 3500 രൂപ എന്നത് 4000രൂപ ആക്കിയാലോ എന്ന ആലോചനയാണ് ചെയർമാൻ കൗൺസിലർമാർക്ക് മുമ്പിൽ വച്ചത്. തുക കൂട്ടരുതെന്ന് പ്രതിപക്ഷത്തെ വി.സി. പ്രിൻസ് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കൂടിയാലോചനകൾ വേണ്ടതുണ്ടെന്നും തൽക്കാലം വിഷയം മാറ്റിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും ഭരണപക്ഷത്തെ ആന്റോ ജോസ് പടിഞ്ഞറേക്കരയും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് വിഷയം മാറ്റിവയ്ക്കുകയാണെന്ന് ചെയർമാൻ ഷാജു വി. തുരുത്തൻ കൗൺസിലിനെ അറിയിച്ചു.
എന്നാൽ ഇക്കാര്യം വളച്ചൊടിച്ച് സംസ്‌കാരത്തിനുള്ള ഫീസ് 3500 ൽ നിന്നും ഒറ്റയടിക്ക് കുത്തനെ 4500 രൂപയാക്കി എന്നായിരുന്നു സമൂഹമാധ്യമത്തിലൂടെ ചിലരുടെ പ്രചാരണം. ഇതിന് ശക്തി പകരുന്ന മട്ടിൽ ഒരു കൗൺസിലറും രംഗത്തുവന്നു.
പുത്തൻ പള്ളിക്കുന്നിൽ 2000ലാണ് പാലാ നഗരസഭ 'ആത്മ വിദ്യാലയം' എന്ന പൊതുശ്മാശനം ആരംഭിച്ചത്.
വിഷയത്തിൽ എല്ലാ വിഭാഗം ജനങ്ങളുമായി കൂടിയാലോചന നടത്തി സമന്വയം ഉണ്ടാക്കിയ ശേഷം മാത്രമേ കൗൺസിൽ യോഗത്തിൽ വിഷയം അവതരിപ്പിച്ച് തീരുമാനമെടുക്കൂ. ഇക്കാര്യത്തോട് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പോലും യോജിച്ചു- നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ