
കോട്ടയം: ഒറവയ്ക്കലിൽ മൂന്ന് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. ഇന്നലെ രാവിലെ കട തുറക്കാൻ ഉടമയും ജീവനക്കാരും എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഒറവയ്ക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് പെയിന്റ് കട, സമീപമുള്ള സ്പാർട്ട് ഓട്ടോ പാർട്‌സ്, ഫർദീസ ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. സെന്റ് ജോർജ് പെയിന്റ് കടയിൽ നിന്നും 2500 രൂപ നഷ്ടമായി. മറ്റ് കടകളിൽ നിന്നും പണം നഷ്ടമായോയെന്ന് വ്യക്തമല്ല. കടയ്ക്കുള്ളിലെ സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. സി.സി.ടി.വി കാമറകൾ മുകളിലേയ്ക്കു തിരിച്ചുവച്ച ശേഷമാണ് മോഷ്ടാവ് കവർച്ച നടത്തിയത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു. അയർക്കുന്നം എസ്.എച്ച്.ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.