കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് വലതുകാൽ നഷ്ടപ്പെട്ട വാകത്താനം നാലുന്നാക്കൽ കാലായിൽ വിട്ടിൽ നിബിൻ ജോസഫിന് (21) 70 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. കോട്ടയം അഡീഷണൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി എൽസമ്മ ജോസഫ് പി ആണ് വിധിച്ചത്. 2020 നവംബർ 29ന് ചങ്ങനാശേരി വാഴൂർ റോഡിൽ ഇല്ലിമൂട് ഭാഗത്താണ് അപകടം. നിബിൻ ഓടിച്ച ബൈക്കിൽ എതിർദിശയിൽനിന്നെത്തിയ കാർ ഇടിച്ചു. റോഡിലേക്ക് തെറിച്ചുവീണ നിബിന്റെ വലതുകാലിന് ഗുരുതര പരിക്കേറ്റു. മുറിവ് ഗുരുതരമായതിനാൽ വലതുകാലും, പരിക്കേറ്റ വലതുകയ്യിലെ മോതിരവിരലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ച് മുറിച്ചു മാറ്റി. കൃത്രിമ കാലിലാണ് നിബിൻ സഞ്ചരിക്കുന്നത്.
സംഭവത്തിൽ തൃക്കൊടിത്താനം പൊലീസ് കാർ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. വാകത്താനത്ത് സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലിയിലിരിക്കെയാണ് നിബിന് അപകടത്തിൽ പരിക്കേറ്റത്. നഷ്ടപരിഹാരത്തിനായി നിബിൻ കോട്ടയം മോട്ടോർ ആക്‌സിഡന്റ് കോടതിയിൽ കേസ് ഫയൽചെയ്യുകയായിരുന്നു. വിശദമായി തെളിവെടുത്ത ജഡ്ജി നഷ്ടപരിഹാരമായി കോടതി ചെലവും പലിശയും ഉൾപ്പെടെ എഴുപതുലക്ഷം രൂപ കാറിന്റെ ഇൻഷ്വറൻസ് കമ്പനി ഒരു മാസത്തിനുള്ളിൽ ഹർജിക്കാരന് നൽകുവാൻ ഉത്തരവിടുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.വി.ബി.ബിനു കോടതിയിൽ ഹാജരായി.