കോട്ടയം: ആചാരപ്പെരുമയിൽ തിരുവോണത്തോണി യാത്രക്കായി മങ്ങാട്ട് ഭട്ടതിരി പുറപ്പെട്ടു. കുമാരനല്ലൂർ മങ്ങാട്ടുകടവിൽ നിന്ന് ഇന്നലെ രാവിലെ 11. 45ഓടെയാണ് കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം അനൂപ് നാരായണ ഭട്ടതിരി ചുരുളൻ വള്ളത്തിൽ ആറന്മുളക്ക് യാത്ര പുറപ്പെട്ടത്. മങ്ങാട്ട് ഇല്ലത്തിന് സമീപത്തുള്ള തോട്ടിലൂടെ മീനച്ചിലാറിലെത്തുന്ന തോണി, പിന്നീട് വേമ്പനാട്ട് കായലിലൂടെ സഞ്ചരിച്ച് പമ്പ വഴി കാട്ടൂരിലെത്തും. കാട്ടൂരിലെത്തിയശേഷം ഭട്ടതിരി തിരുവോണത്തോണിയിലേക്ക് മാറും. ഉത്രാടസന്ധ്യക്കാണ് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽനിന്ന് ഓണവിഭവങ്ങളും ദീപവുമായി തിരുവോണത്തോണി പുറപ്പെടുന്നത്. കുമാരനെല്ലൂരിൽനിന്ന് ഭട്ടതിരി കാട്ടൂർവരെ എത്തുന്ന ചുരുളൻ വള്ളം തിരുവോണത്തോണിയുടെ അകമ്പടിയാകും. കാട്ടൂരിലെ താമസക്കാരായിരുന്നു മങ്ങാട്ട് കുടുംബം. പിന്നീട് മങ്ങാട്ട് കുടുംബം കാട്ടൂരിൽനിന്ന് കുമാരനല്ലൂരിലേക്കു മാറി. ഇതോടെയാണ് കുമാരനെല്ലൂരിൽനിന്നായി തോണി യാത്രക്ക് തുടക്കമായത്. അനൂപ് നാരായണ ഭട്ടതിരിയുടെ കന്നിയാത്രയാണിത്. നേരത്തെ അനൂപിന്റെ പിതാവ് എം.ആർ. നാരായണ ഭട്ടതിരിയായിരുന്നു തോണിയാത്ര നടത്തിയിരുന്നത്. നാലുവർഷംമുമ്പ് അദ്ദേഹം മരണപ്പെട്ടതോടെ സഹോദരൻ എം.ആർ. രവീന്ദ്രബാബു ഭട്ടതിരി ഇത് ഏറ്റെടുത്തു. രവീന്ദ്രബാബു ഭട്ടതിരിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇത്തവണ അനൂപ് ആ നിയോഗം ഏറ്റെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭാ അംഗങ്ങളായ സാബു മാത്യു, വിനു ആർ.മോഹൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, കുമാരനല്ലുർ ദേവസ്വം മാനേജർ കെ.എ മുരളി കാഞ്ഞിരക്കാട്ട് ഇല്ലം, അസിസ്റ്റന്റ് മാജേർ അരുൺ വാസുദേവ്, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ അരുൺ കടന്നക്കുടി, യോഗക്ഷേമ സഭാപ്രതിനിധി വി.എസ് മണിക്കുട്ടൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.